സുരേഷ് ഗോപിയുടെ മഹാരാഷ്ട്ര പതിപ്പായി ബി.ജെ.പി എം.പി നാരായൺ റാണെ; ചാനൽ മൈക്ക് തട്ടിപ്പറിച്ച് രോഷപ്രകടനം -VIDEO
text_fieldsമുംബൈ: ചലച്ചിത്ര നടൻമാർ പ്രതികളായ പീഡന പരാതികളെ കുറിച്ച് പ്രതികരണം ആരാഞ്ഞതിന് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ അനുകരിച്ച് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ നാരായൺ റാണെ. അദ്ദേഹത്തിന്റെ മണ്ഡലമായ മഹാരാഷ്ട്ര രത്നഗിരി-സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു റാണെയുടെ രോഷപ്രകടനം. എ.ബി.പി ചാനലിന്റെ മൈക്ക് തട്ടിപ്പറിച്ചാണ് ഇദ്ദേഹം കയർത്തുസംസാരിച്ചത്.
സിന്ധുദുർഗ് മാൽവാനിലെ രാജ്‌കോട്ട് കോട്ടയിൽ കഴിഞ്ഞ ദിവസമാണ് ശിവജിയുടെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമ തകർന്നടിഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബറിൽ കോടികൾ ചിലവിട്ട് നിർമിച്ച പ്രതിമയാണ് ഒരുവർഷം തികയും മുമ്പ് നിലംപതിച്ചത്. വൻ ആഘോഷത്തോടെ നരേന്ദ്രമോദിയായിരുന്നു ഇത് അനാച്ഛാദനം ചെയ്തിരുന്നത്. പ്രതിമ തകർന്നതോടെ അനുയായികളിൽനിന്ന്പോലും കടുത്ത എതിർപ്പാണ് ബി.ജെ.പി നേരിടുന്നത്. സംഘ്പരിവാർ റോൾ മോഡലായി ആഘോഷിക്കുന്ന ശിവജിയുടെ പ്രതിമ നിർമിക്കുന്നതിൽ പോലും ബി.ജെ.പി ഭരണകൂടം അഴിമതി കാണിച്ചുവെന്ന് വ്യാപകവിമർശനമുയരുന്നു.
ഇതിനിടെ, ഇന്ന് സംഭവസ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു സ്ഥലം എം.പിയായ നാരായൺ റാണെ. ഇതേസമയം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെയും സ്ഥലത്തെത്തി. ഇരുവരുടെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ, പ്രതിമ തകർന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചതാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ റാണെയെ പ്രകോപിതനാക്കിയത്. എ.ബി.പി ലേഖകന്റെ കൈയ്യിൽ നിന്ന് ദേഷ്യത്തോടെ മൈക്ക് തട്ടിപ്പറിച്ച ഇയാൾ കയർത്തുസംസാരിക്കുകയും ചെയ്തു.
Narayan Rane : कोण आहे रे हा..., राणेंची दमदाटी; थेट 'एबीपी माझा'चा बूम ओढला#NarayanRane #Maharashtra #AadityaThackeray pic.twitter.com/jq56hmubET
— ABP माझा (@abpmajhatv) August 28, 2024
റാണെയും ബി.ജെ.പി നേതാക്കളും കോട്ടയിൽ നിൽക്കുമ്പോഴാണ് ആദിത്യ താക്കറെയും ശിവസേന നേതാക്കളും സ്ഥലത്തെത്തിയത്. ആദിത്യക്കെതിരെ റാണെ അനുകൂലികൾ മുദ്രാവാക്യം വിളിച്ചതോടെ മറുവിഭാഗം പ്രകോപിതരായി. തുടർന്ന് ഇരുവരുടെയും അനുയായികൾ ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ റാണെ പൊലീസിന് നേരെ തിരിഞ്ഞു. എം.പിക്ക് അനുവദിച്ച സമയത്ത് പ്രതിപക്ഷ എം.എൽ.എയെ എങ്ങനെ കോട്ടയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചുവെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ആദിത്യ താക്കറെയുടെ അനുയായികൾക്ക് നേരെയും റാണെ തിരിഞ്ഞു. തന്നെ ആക്രമിച്ചാൽ താൻ തിരിച്ചടിക്കുമെന്നും ആരെയും വെറുതെവിടില്ലെന്നും ഭീഷണിപ്പെടുത്തി. എല്ലാവരെയും ഒരു മുറിയിൽ പൂട്ടിയിട്ട് കൊന്നുകളയുമെന്നും റാണെ പറഞ്ഞു.
മഹാ വികാസ് അഘാഡി (എം.വി.എ) നേതാക്കളായ ആദിത്യ താക്കറെ, വിജയ് വദ്ദേതിവാർ (കോൺഗ്രസ്), ജയന്ത് പാട്ടീൽ (എൻ.സി.പി -എസ്.പി) എന്നിവരുടെ നേതൃത്വത്തിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിൽ മാൽവൻ ടൗണിൽ പ്രതിഷേധിച്ചു. പ്രതിപക്ഷം ഇന്ന് മാൽവൻ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.