മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ തുടരും
text_fieldsഭോപാൽ: ഉപതെരഞ്ഞെടുപ്പ് നടന്ന 28ൽ 19സീറ്റും സ്വന്തമാക്കി മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന ബി.െജ.പി സർക്കാർ ഭൂരിപക്ഷം ഉറപ്പിച്ചു. 230 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ഒമ്പതു സീറ്റ് കുറവുണ്ടായിരുന്ന ബി.ജെ.പി ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ നില ശക്തമാക്കി. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ േചർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വീകാര്യതകൂടി വ്യക്തമാക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. വൻ തിരിച്ചടി നേരിട്ട കോൺഗ്രസിന് ഏഴു സീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ. ഒരു സീറ്റ് ബി.എസ്.പിക്കാണ്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 114 സീറ്റ് നേടിയ കോൺഗ്രസ് സ്വതന്ത്രരുടെയും എസ്.പി, ബി.എസ്.പി അംഗങ്ങളുടെയും പിന്തുണയോടെ മന്ത്രിസഭ രൂപവത്കരിച്ചെങ്കിലും മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എം.എൽ.എമാർ ബി.ജെ.പിക്കൊപ്പം ചേർന്നതോടെ സർക്കാർ വീഴുകയും ബി.െജ.പി വീണ്ടും ഭരണത്തിലേറുകയുമായിരുന്നു.
വികസനവും ജനക്ഷേമവും ഉറപ്പാക്കുന്ന ഭരണം സാധ്യമാക്കുന്ന ഉത്തരവാദിത്തം സംസ്ഥാന ജനത ഒരിക്കൽകൂടി ബി.ജെ.പിയിൽ അർപ്പിച്ചിരിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. ജനവിധി അംഗീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് പറഞ്ഞു. എന്നാൽ, സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് വോട്ടുയന്ത്രത്തിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.