ശിവസേന+എൻ.സി.പി+കോൺഗ്രസ് -ഭരണത്തിൽ കൊല്ലം തികച്ച് ഉദ്ധവ് സർക്കാർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഭരണത്തിൽ ഒരു വർഷം തികച്ച് ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികളുടെ അസാധാരണ കൂട്ടുകെട്ടിൽ പിറന്ന മഹാ വികാസ് അഗാഡി സർക്കാർ. കഴിഞ്ഞവർഷം ഒക്ടോബർ നാലിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബി.ജെ.പി (105)-ശിവസേന (56) സഖ്യത്തിന് 161 സീറ്റുകൾ ലഭിച്ചിട്ടും മുഖ്യമന്ത്രി പദത്തിെൻറ പേരിൽ ശിവസേന വഴിമാറുകയായിരുന്നു.
ബി.ജെ.പിയെ അധികാരത്തിന് പുറത്തുനിർത്താൻ ഹിന്ദുത്വ ആശയക്കാരായ ശിവസേനയും മതേതര പാർട്ടികളായ എൻ.സി.പി, കോൺഗ്രസും ചേർന്ന് പുതു കൂട്ടുകെട്ട് രൂപപ്പെട്ടു. ശരദ് പവാറായിരുന്നു അസാധാരണ സഖ്യത്തിെൻറ ശിൽപി.
ഉദ്ധവ് താക്കറെയെ മുഖ്യനാക്കിയതും പവാറിെൻറ നിർബന്ധമാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയും ഉദ്ധവ് മുഖ്യനാകുമെന്ന് തീർച്ചയായപ്പോൾ എൻ.സി.പി നേതാവ് അജിത് പവാറിെൻറ സഹായത്തോടെ നാല് ദിവസം മാത്രം ആയുസ്സുള്ള സർക്കാറുണ്ടാക്കിയും ബി.ജെ.പി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. കഴിഞ്ഞ നവംബർ 28ന് ഉദ്ധവ് മുഖ്യനായി അധികാരമേറ്റു.
നിസർഗ ചുഴലിക്കാറ്റും കോവിഡും പാൽഘറിൽ രണ്ട് നാടോടി സന്യാസിമാരെ കവർച്ചക്കാരെന്നു തെറ്റിദ്ധരച്ച് ആദിവാസികൾ ആക്രമിച്ച് കൊലപ്പെടുത്തിയതും നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ ആത്മഹത്യയും പ്രതിസന്ധിയായി രൂപപ്പെട്ടെങ്കിലും ഉദ്ധവ് സർക്കാർ പിടിച്ചുനിന്നു. പൗരത്വനിയമ ഭേദഗതിയിൽ നിലപാട് മയപ്പെടുത്തി സഖ്യത്തിന് കോട്ടംതട്ടാതെ സൂക്ഷിക്കാനും ശിവസേനക്ക് കഴിഞ്ഞു.
എന്നാൽ, തങ്ങളുടെ കടുത്ത വിമർശകരായ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കും നടി കങ്കണ റണാവത്തിനും എതിരെ പ്രതികാര നടപടിയെന്നോണം നിയമനടപടികളെടുത്തതും അതിെൻറ പേരിൽ ബോംെബ ഹൈകോടതി, സുപ്രീം കോടതികളിൽനിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങിയതും തിരിച്ചടിയായി. അർണബ്, ആരാധനാലയങ്ങൾ തുറക്കൽ തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പിയുടെ നിലപാടുമായാണ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരി ഉദ്ധവ് സർക്കാറിനെതിരെ നിലകൊണ്ടത്.
സർക്കാറിനും പാർട്ടി നേതാക്കളുടെ കുടുംബത്തിനും എതിരെ അപവാദങ്ങൾ പറയുകയും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും നേതാക്കൾക്കും കനത്ത താക്കീതാണ് ഒന്നാം വാർഷികത്തിൽ ഉദ്ധവ് നൽകിയത്. തെൻറ മൗനം ദൗർബല്യമായി കാണരുതെന്നും പ്രതികാരനടപടി തുടർന്നാൽ ഒന്നിന് പത്തായി തിരിച്ചടിക്കുമെന്നും അദ്ദേഹം പാർട്ടി മുഖപത്രത്തിലെ അഭിമുഖത്തിൽ പറഞ്ഞു. ഇത്രക്കും ഭീഷണി മുഴക്കുന്ന മുഖ്യനെ കണ്ടിട്ടില്ലെന്നും തുടർന്നാൽ സർക്കാർ നിലനിൽക്കില്ലെന്നുമാണ് പ്രതിപക്ഷ നേതാവും മുൻ ബി.ജെ.പി മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.