‘സ്ഫോടനത്തിനു പിന്നിലുള്ളവരെ മാത്രമാണ് ഉദ്ദേശിച്ചത്’; തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ശോഭ കരന്ദലാജെ
text_fieldsബംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പുപറഞ്ഞ് തടിയൂരി കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭ കരന്ദലാജെ. തമിഴ്നാട്ടിലുള്ളവർ ബോബ് നിർമിക്കാൻ പരിശീലനം നേടി രാജ്യത്തുടനീളം സ്ഫോടനം നടത്തുകയാണെന്നും ബംഗളൂരു കഫേ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട്ടിൽനിന്നുള്ള ആളുകളാണെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദമായിരുന്നു.
തമിഴ്നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും സ്ഫോടനത്തിനു പിന്നിലുള്ളവരെ മാത്രമാണ് പരാമർശിച്ചതെന്നുമാണ് ശോഭയുടെ വിശദീകരണം. അതേസമയം, കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്ന പരാമർശം പിൻവലിക്കാൻ അവർ തയാറായില്ല. മന്ത്രിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് തന്‍റെ പരാമർശങ്ങൾ പിൻവലിക്കുന്നതായി ശോഭ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അറിയിച്ചത്.
‘തമിഴ് സഹോദരങ്ങളോട്, എന്‍റെ വാക്കുകൾ വെളിച്ചം വീശാനുള്ളതായിരുന്നു, നിഴൽ വീഴ്ത്താനല്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിട്ടും പരാമർശങ്ങൾ ചിലരെ വേദനിപ്പിച്ചതായി കാണുന്നു -അതിന് ഞാൻ ക്ഷമ ചോദിക്കുന്നു’ -ശോഭ എക്സിൽ കുറിച്ചു. രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൃഷ്ണഗിരി വനത്തിൽ പരിശീലനം നേടിയവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് പരാമർശങ്ങൾ. തമിഴ്‌നാട്ടിൽനിന്നുള്ളവരോട് ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് ക്ഷമ ചോദിക്കുന്നു. പരാമർശങ്ങൾ പിൻവലിക്കുന്നതായും ശോഭ കൂട്ടിച്ചേർത്തു.
അന്വേഷണ സംഘം സ്ഥിരീകരിക്കുന്നതിനു മുമ്പേ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയാണെന്നായിരുന്നു ശോഭ പറഞ്ഞത്. ബംഗളുരു നഗരത്തിലെ സിദ്ധന ലേഔട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയതും സൂചിപ്പിച്ചായിരുന്നു ശോഭയുടെ വിവാദ പാരമർശം.
‘ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വെച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിച്ചു’ -ശോഭ മാധ്യമങ്ങളോട് പറഞ്ഞു. കഫേ സ്ഫോടനത്തിൽ നിലവിൽ എൻ.ഐ.എ അന്വേഷണം നടക്കുകയാണ്. ഇതുവരെ അന്വേഷണ സംഘം മുഖ്യപ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
വിദ്വേഷ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഒന്നുകിൽ എൻ.ഐ.എ ഉദ്യോഗസ്ഥരായിരിക്കണം, അല്ലെങ്കിൽ സ്ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴർ തീവ്രവാദികളാണെന്ന ബി.ജെ.പി നേതാവിന്‍റെ പരാമർശത്തിൽ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ മറുപടി പറയണമെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ആവശ്യപ്പെട്ടു. മഗ്‌രിബ് ബാങ്ക് വിളിക്കുന്ന സമയം വലിയ ശബ്ദത്തിൽ ‘ഹനുമാൻ സ്തോത്രം’ സംഗീതം വെച്ചതുമായി ബന്ധപ്പെട്ട വിവാദം വർഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.