വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ
text_fieldsബംഗളൂരു: കേന്ദ്രമന്ത്രി ശോഭ കരന്ത്‍ലാജെക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.വി. രാജീവ് ഗൗഡ. വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ഇരുട്ടിന്റെ കൂട്ടുകാരിയും വെളിച്ച വിരോധിയുമെന്ന് കാലം അടയാളപ്പെടുത്തിയ രാഷ്ട്രീയ നായികയുമാണ് ശോഭ കരന്ത്‍ലാജെ എന്ന് രാജീവ് ഗൗഡ പറഞ്ഞു. ശോഭയെ ഏത് സാഹചര്യത്തിലായാലും ബംഗളൂരു നോർത്ത് മണ്ഡലത്തിന് ആവശ്യമില്ലെന്നും രാജീവ് ഗൗഡ വ്യക്തമാക്കി.
ബംഗളൂരുവിന്റെ അകവും പുറവും കാത്തു സൂക്ഷിക്കുന്ന മൈത്രിയുടെ ശത്രുവായി അവതരിച്ച സ്ഥാനാർഥിയെ ഈ മണ്ണിൽ നിന്ന് ലോക്സഭയിലേക്ക് അയക്കരുത്. മികച്ച നിലവാരമുള്ള ജീവിത രീതി, പുരോഗതിയിലേക്കുള്ള ചിന്ത, സഹാനുഭൂതി, സഹിഷ്ണുത തുടങ്ങി പ്രൗഢമായ സാമൂഹിക, സാംസ്കാരിക അന്തരീക്ഷമാണ് നാട്ടിൽ നിലനിന്നു പോരുന്നത്. ഭിന്നരാഷ്ട്രീയ ആശയങ്ങൾ അതിന്റേതായ തലത്തിൽ നിലക്കൊള്ളുകയും ചെയ്യുന്നു. ശോഭയുടെ സാന്നിധ്യം ഈ പൈതൃക ശോഭ കെടുത്തുകയും ശോഭന ഭാവിക്ക് ഭീഷണി ഉയർത്തുകയുമാണ് ചെയ്യുന്നതെന്നും രാജീവ് ഗൗഡ വ്യക്തമാക്കി.
ബംഗളൂരു മണ്ഡലം ബി.ജെ.പിയുടെ ശക്തി കേന്ദ്രമായിരുന്നിരിക്കാം. ഈ തെരഞ്ഞെടുപ്പോടെ അത് പഴങ്കഥയാവും. ബി.ജെ.പി എന്താണ്, എന്തല്ല എന്ന് ആ പാർട്ടിയുടെ അണികൾക്കും മനസ്സിലായി. അവർക്ക് അപരിചിതമായ മുഖം ശോഭയിലൂടെ ദൃശ്യമായി. മോദി തരംഗം എന്ന അവകാശ വാദമാണ് മറ്റൊന്ന്. അങ്ങിനെ ഒന്ന് കർണാടകയിൽ എവിടെയും ഇല്ല. മോദിയുടെ ഗാരന്‍റി ഫലിതമായാണ് ആളുകൾ ആസ്വദിക്കുന്നത്.
അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ ഉറപ്പുകൾ ജനങ്ങളുടെ വിശ്വാസം ആർജിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നൽകിയ അഞ്ച് ഉറപ്പുകൾ പാലിച്ചപ്പോൾ ജനലക്ഷങ്ങളുടെ പ്രതീക്ഷയാണ് സഫലമായത്. അത് പോളിങ് ബൂത്തുകളിൽ പ്രതിഫലിക്കാതിരിക്കില്ലെന്നും രാജീവ് ഗൗഡ ചൂണ്ടിക്കാട്ടി.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെന്റിൽ സാമ്പത്തിക ശാസ്ത്രം വിഭാഗം പ്രഫസറായിരുന്ന രാജീവ് ഗൗഡ, എ.ഐ.സി.സി ഗവേഷണ വിഭാഗം തലവനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.