'ഈ കെട്ടകാലത്ത് ഉല്ലാസത്തിന്‍റെ ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളേ..ഇത് ആഭാസത്തിന്‍റെ അങ്ങേയറ്റമാണ്'
text_fieldsമുംബൈ: രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചുനിൽക്കുേമ്പാൾ ഉല്ലാസ കേന്ദ്രങ്ങളിൽ ഉന്മാദിക്കുന്ന തങ്ങളുടെ ചിത്രങ്ങൾ ലോകത്തിനുമുമ്പാകെ പ്രദർശിപ്പിക്കാൻ വെമ്പുന്ന ബോളിവുഡ് സെലിബ്രിറ്റികളെ കണക്കിന് പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡേ. നാട് ദുരന്തത്തിലമരുേമ്പാൾ സിനിമാ താരങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചേക്കേറി അവധിയാഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെ വിമർശിച്ച് സെലബ്രിറ്റി മാനേജർ രോഹിണി അയ്യർ ഇൻസ്റ്റാഗ്രാമിലെഴുതിയ കുറിപ്പ് പങ്കുവെച്ചാണ് ശോഭാ ഡേ താരങ്ങളുടെ മനോഭാവത്തെ തുറന്നെതിർത്തത്. ആഭാസത്തിന്‍റെ അങ്ങേയറ്റമാണിതെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'രോഹിണി അയ്യർ ഹൃദയാഹാരിയായി എഴുതിയ ഈ കുറിപ്പ് ഏറെ ഇഷ്ടപ്പെട്ടു. അതിവിെട പങ്കുവെക്കുകയാണ്. ഈ സന്ദേശം എല്ലായിടവുമെത്തണമെന്നാണ് ആഗ്രഹം. കാര്യങ്ങൾ രോഹിണി നന്നായി പറഞ്ഞു. ഇത്തരം പരിഹാസകരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ആഭാസത്തിന്‍റെ അങ്ങേയറ്റമാണ്. നിങ്ങൾ മാലദ്വീപിൽ ആഘോഷം കൊഴുപ്പിച്ചോളൂ. പ്രതീക്ഷയറ്റ ഇൗ കെട്ട കാലത്ത് ഇത്തരം അവധിയെടുക്കാൻ പറ്റുന്ന നിങ്ങൾ അനുഗൃഹീതരാണ്. പക്ഷേ, മറ്റുള്ളവർക്ക് നിങ്ങളൊരു ഉപകാരം ചെയ്യണം....ദയവായി ആ ചിത്രങ്ങളൊക്കെ സ്വകാര്യമായി സൂക്ഷിക്കൂ' -ശോഭാ ഡേ എഴുതി.
ഏറെ കൈയടികളോടെയാണ് ശോഭാ ഡേയുടെയും രോഹിണി അയ്യരുടെയും അഭിപ്രായങ്ങളെ സോഷ്യൽ മീഡിയ സ്വീകരിച്ചത്. മഹാരാഷ്ട്ര കോവിഡിലമർന്ന് കർശന നിയന്ത്രണങ്ങളിൽ വലയുേമ്പാൾ രൺബീർ കപൂർ, ആലിയ ഭട്ട്, സാറാ അലി ഖാൻ, അമൃത സിങ്, ടൈഗർ ഷ്റോഫ്, ദിഷ പടാനി തുടങ്ങിയ ഒേട്ടറെ പ്രമുഖർ വിലക്കുകളിൽനിന്ന് രക്ഷപ്പെട്ട് മാലദ്വീപിൽ ഉല്ലാസത്തിലാണ്. ഇവർ അവധിയാഘോഷത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ ഏെറ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്. ഈ ചിത്രങ്ങൾക്ക് താഴെ ആളുകൾ തങ്ങളുടെ രൂക്ഷമായ എതിർപ്പ് കമന്‍റ് ചെയ്യുന്നുമുണ്ട്.
രോഹിണി അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
'നിങ്ങളെല്ലാവരും മാലദ്വീപിലും ഗോവയിലും നയനമനോഹരമായ മറ്റിടങ്ങളിലും ഒഴിവുകാലം ചെലവിടുകയായിരിക്കാം. നിങ്ങൾക്ക് ഇത് അവധിസമയമാണ്. പക്ഷേ, നിങ്ങളുടെ ചുറ്റിലുമുള്ളത് വിനാശകാരിയായ മഹാമാരിയാണെന്നതു മറക്കരുത്. അതുകൊണ്ട്, നിങ്ങൾ ഈ സമയത്ത് അനുഗ്രഹപൂർണമായ ജീവിതത്തിന്‍റെ വർണചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന നിർവികാരരായ വിഡ്ഢികളാകാതിരിക്കുക. തലച്ചോറില്ലാത്തവർ മാത്രമല്ല, അന്ധരും ബധിരരുമാകാതിരിക്കുക. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കങ്ങൾ പെരുപ്പിക്കാനുള്ള സമയമല്ലിത്. അവസരത്തിനൊത്തുയർന്ന്, ആളുകളെ സഹായിക്കേണ്ട സന്ദർഭമാണ്. അതിനു പറ്റുന്നില്ലെങ്കിൽ വായടച്ച് വീട്ടിലിരിക്കുക. അല്ലെങ്കിൽ മാസ്കണിഞ്ഞ് നിങ്ങളുടെ ഹോളിഡേ ഹോമിൽ ശാന്തരായിരിക്കുക. ഫോട്ടോകൾ ലോകത്തിനുമുമ്പാതെ പ്രദർശിപ്പിക്കാൻ ഇത് ഫാഷൻ വീക്കോ കിങ്ഫിഷർ കലണ്ടർ ടൈമോ അല്ല'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.