സൈന്യത്തെ വിവാദത്തിലാക്കി മമത വിലകുറഞ്ഞ നാടകം കളിക്കുന്നു: ബി.ജെ.പി
text_fieldsന്യൂഡൽഹി: ടോൾ പ്ളാസകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന മമതാ ബാനർജിയുടെ നിലപാടിൽ വേദനയുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. സൈന്യത്തെ ഇത്തരമൊരു വിവാദത്തിലേക്ക് വലിച്ചിഴച്ചത് നിർഭാഗ്യകരമാണ്. അതിൽ തനിക്ക് അദ്ഭുതവും വേദനയുമുണ്ട്. മമതയുടെ പ്രതിഷേധം രാഷ്ട്രീയ ഇച്ഛാഭംഗം മൂലമാണെന്നും പരീക്കർ പാർലമെന്‍റിൽ പറഞ്ഞു.
സൈന്യത്തിന്‍റെ പതിവ് പരിശീലന പരിപാടി മാത്രമായിരുന്നു ഇത്. ഉത്തർ പ്രദേശിലും ഝാർഖണ്ഡിലും കഴിഞ്ഞ വർഷം സൈന്യത്തെ വിന്യസിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇതെല്ലാം ചെയ്തതെന്നും പരീക്കർ പറഞ്ഞു.
മമത വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കളക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സർക്കാരിനെ താറടിച്ചു കാണിക്കാനും സൈന്യത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുമുള്ള തന്ത്രമാണിതെന്നും നായിഡു പാർലമെന്‍റിൽ പറഞ്ഞു.
അതേസമയം, ടോള്‍ പ്ലാസകളിൽ കേന്ദ്രം സൈന്യത്തെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സെക്രട്ടേറിയേറ്റിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തങ്ങിയ മമത നിയമസഭാ സമ്മേളനത്തിന് പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തിറങ്ങാൻ മമത തയാറായിട്ടില്ല. ജനാധിപത്യത്തിന് കാവൽ നിൽക്കുകയാണ് താനെന്നും മാധ്യമപ്രവർത്തകരോട് അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.