'72കാരനായ ശിവകുമാർ വൃക്കരോഗി, വിരമിച്ചിട്ടും അനുകമ്പയുടെ പുറത്ത് താൽകാലികമായി സ്റ്റാഫിൽ നിലനിർത്തി'
text_fieldsന്യൂഡൽഹി: സ്വർണക്കടത്തിന് തന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ എം.പി. വിവരമറിഞ്ഞത് ഞെട്ടലോടെയാണെന്നും 72കാരനായ ഇദ്ദേഹത്തെ വിരമിച്ച ശേഷവും അനുകമ്പയുടെ പുറത്ത് തന്‍റെ സ്റ്റാഫിൽ തുടരാൻ അനുവദിക്കുകയായിരുന്നെന്നും തരൂർ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലാണ് 800 ഗ്രാം സ്വർണവുമായി തരൂരിന്‍റെ മുൻ പി.എ ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്.
'ധർമശാലയിൽ പ്രചാരണത്തിനെത്തിയ സമയത്താണ് ഞെട്ടലോടെ സംഭവം അറിയുന്നത്. 72കാരനായ അദ്ദേഹം സ്ഥിരം ഡയാലിസിസിന് വിധേയനാകുന്ന വൃക്കരോഗിയാണ്. വിരമിച്ചിട്ടും അനുകമ്പയുടെ പുറത്ത് താൽകാലികാടിസ്ഥാനത്തിൽ സ്റ്റാഫിൽ നിലനിർത്തുകയായിരുന്നു. ശിവകുമാർ ചെയ്തെന്ന് പറയുന്ന തെറ്റായ പ്രവൃത്തിയെ അംഗീകരിക്കില്ല. വിഷയത്തിൽ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും. എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു' -തരൂർ പറഞ്ഞു.
ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മുൻ പി.എ ശിവകുമാറിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില കണക്കാക്കുന്നതായാണ് റിപ്പോർട്ട്. വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാർ പിടിയിലാകുന്നത്. സ്വർണം സംബന്ധിച്ച് മതിയായ വിശദീകരണം നൽകാൻ ശിവകുമാറിന് സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.