റാണെമാരുടെ കൊങ്കണിലും ‘ബുൾഡോസർ രാജ്’
text_fieldsമുംബൈ: സുപ്രീംകോടതി ഉത്തരവ് കാറ്റിൽപറത്തി മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ മാൽവണിൽ ‘ബുൾഡോസർ രാജ്’. ഉത്തർപ്രദേശിൽനിന്ന് ഒന്നര പതിറ്റാണ്ടു മുമ്പ് കുടിയേറിയ മുസ്ലിം കുടുംബത്തിന്റെ വീടും ആക്രിക്കടയും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മാൽവൺ മുനിസിപ്പൽ കോർപറേഷന്റെതാണ് നടപടി.
ഞായറാഴ്ച ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ ‘ദേശവിരുദ്ധ മുദ്രാവാക്യം’ മുഴക്കി എന്നാരോപിച്ച് ആക്രിക്കച്ചവടക്കാരന്റെ 15കാരനായ മകനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകൻ സച്ചിൻ വരട്കർ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് 15കാരനെയും പിതാവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. മൂവർക്കും കോടതി പിന്നീട് ജാമ്യം നൽകി.
തൊട്ടുപിന്നാലെ അനധികൃതമെന്ന് ആരോപിച്ച് അവരുടെ കടയും വീടും കോർപറേഷൻ ബുൾഡോസർ ഉപയോഗിച്ച് നിരത്തി. നാരായൺ റാണെയുടെ മകനും മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെയാണ് ഇതിനു പിന്നിലെന്നാണ് പ്രദേശവാസികൾ സൂചിപ്പിക്കുന്നത്. ആക്രിക്കടയും വീടും ബുൾഡോസർകൊണ്ട് തകർക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച നിതേഷ്, ദേശവിരുദ്ധരെ തുടച്ചുനീക്കുമെന്ന ഭീഷണിയും മുഴക്കി.
മുസ്ലിംകൾ അയൽരാജ്യത്തുനിന്ന് കുടിയേറിയവരാണെന്നാണ് റാണെമാരുടെ ആരോപണം. സർക്കാർ സംവിധാനങ്ങൾ റാണെമാരുടെ ഇച്ഛക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 15 വർഷം മുമ്പ് ഉത്തർ പ്രദേശിലെ സെഖുയിയിൽനിന്ന് മൽവണിലേക്ക് കുടിയേറിയതാണെന്നാണ് ആക്രിക്കച്ചവടക്കാരനും കുടുംബവും പറഞ്ഞത്. പരാതി നൽകും മുമ്പ് വി.എച്ച്.പി പ്രവർത്തകരും മറ്റു ഹിന്ദുത്വ സംഘടന പ്രവർത്തകരും 15കാരനെയും കുടുംബത്തെയും മർദിച്ചിരുന്നു.
സച്ചിൻ വരട്കറുടെ പരാതി അല്ലാതെ 15കാരൻ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് മറ്റു തെളിവില്ലെന്നാണ് മാൽവൺ പൊലീസ് സൂപ്രണ്ട് സൗരഭ് അഗർവാൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.