സൈനിക ഉദ്യോഗസ്ഥൻ വ്യാജ ഏറ്റുമുട്ടൽ നടത്തിയത് 20 ലക്ഷം തട്ടാനെന്ന് കുറ്റപത്രം
text_fieldsഷോപിയാൻ: മൂന്നു യുവാക്കളെ രണ്ട് സിവിലിയന്മാർക്കൊപ്പം ചേർന്ന് സൈനിക ക്യാപ്റ്റൻ വ്യാജ ഏറ്റുമുട്ടലിൽ കൊന്നത് 20 ലക്ഷം പാരിതോഷികം തട്ടിയെടുക്കാനെന്ന് കുറ്റപത്രം. ക്യാപ്റ്റൻ ഭൂപീന്ദർ സിങ്ങിനെതിരെ ജമ്മു- കശ്മീർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം.
ഷോപിയാൻ സെക്ടറിലെ അംശിപുരയിൽ കഴിഞ്ഞ ജൂലൈ 18ന് നടത്തിയ വ്യാജ ഏറ്റുമുട്ടലിൽ രജൗരി ജില്ലക്കാരായ ഇംതിയാസ് അഹമ്മദ്, അബ്റാർ അഹമ്മദ്, മുഹമ്മദ് ഇബ്റാർ എന്നിവരെ ഭീകരവാദികൾ എന്നാരോപിച്ചു കൊന്നിരുന്നു. സൈന്യം വളയുന്നതിനു മുമ്പുതന്നെ ഭൂപീന്ദർ ഇവരെ കൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തബീഷ് നസീർ, ബിലാൽ അഹമ്മദ് ലോൺ എന്നീ രണ്ടു സിവിലിയന്മാരെയും കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. സംഭവത്തിനുശേഷം സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതിഷേധമുയർന്നപ്പോൾ സൈന്യം തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഭൂപീന്ദർ സിങ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്വേഷണത്തിൽ പ്രത്യേക സായുധസേന നിയമം (അഫ്സ്പ) ദുരുപയോഗം ചെയ്തതായും കണ്ടെത്തി.
ഇതേത്തുടർന്ന് ഭൂപീന്ദറിനെതിരെ സൈന്യം കോർട്ട് മാർഷൽ നടപടികൾ സ്വീകരിച്ചിരുന്നു. 75 സാക്ഷികളെയാണ് പ്രത്യേക അന്വേഷണ സംഘം പട്ടികയിൽ ചേർത്തത്. ക്യാപ്റ്റൻ ഭൂപീന്ദറിെൻറ സംഘത്തിൽ ഉണ്ടായിരുന്ന സുബേദാർ ഗാരു റാം, ലാൻസ് നായിക് രവികുമാർ, ശിപായിമാരായ അശ്വനി കുമാർ, യൗഗേഷ് എന്നിവരുടെ മൊഴിയും കേസിൽ പ്രധാനമായി.
ഭീകരവാദികളെ കണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ അവരെ തേടി രണ്ടു സിവിലിയന്മാർക്കൊപ്പമാണ് ഭൂപീന്ദറും സംഘവും ക്യാമ്പിൽനിന്ന് പുറപ്പെട്ടത്. സ്ഥലത്തെത്തിയപ്പോൾ നാലു സൈനികരോടും നാലുവശത്തുനിന്നും യുവാക്കളെ വളയാൻ ഭൂപീന്ദർ നിർദേശം നൽകി. എന്നാൽ, സംഘം വളയുന്നതിനു മുമ്പുതന്നെ വെടിശബ്ദം കേൾക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജൂലൈ 18ന് കൊല്ലെപ്പട്ട യുവാക്കളുടെ മൃതദേഹം ഡി.എൻ.എ ടെസ്റ്റ് നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് ആഗസ്റ്റിലാണ്.
ഭീകരവാദികളെ അമർച്ച ചെയ്യുന്നവർക്കായി പ്രഖ്യാപിച്ച 20 ലക്ഷം തട്ടിയെടുക്കുന്നതിനായാണ് ഭൂപീന്ദർ വ്യാജ ഏറ്റുമുട്ടൽ നടത്തിയതെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.