ഷോപിയാൻ വ്യാജ ഏറ്റുമുട്ടൽ: സേന ക്യാപ്റ്റൻ തെളിവു നശിപ്പിച്ചെന്ന് ജമ്മു-കശ്മീർ പൊലീസ്
text_fieldsഷോപിയാൻ: കഴിഞ്ഞവർഷം ജൂലൈയിൽ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ മൂന്നു യുവാക്കളെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിലുൾപ്പെട്ട സൈനിക ക്യാപ്റ്റൻ ഭുപേന്ദ്ര സിങ്ങും രണ്ടു നാട്ടുകാരും തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം. കൊല്ലപ്പെട്ടവരുടെ മേൽവെച്ച ആയുധങ്ങളുടെ ഉറവിടം സംബന്ധിച്ച വിവരം ഇവർ നൽകിയില്ലെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ജമ്മു-കശ്മീർ പൊലീസിെൻറ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
വ്യാജ ഏറ്റുമുട്ടലിനിടെ കണ്ടെടുത്തതായി പറയുന്ന ആയുധങ്ങൾ സംബന്ധിച്ച് തെറ്റായ വിവരമാണ് ക്യാപ്റ്റൻ ഭൂപേന്ദ്ര സിങ് മേലധികാരികൾക്കും പൊലീസിനും നൽകിയത്. കൊല്ലപ്പെട്ടവർ നിയമ വിരുദ്ധമായാണ് ആയുധങ്ങൾ ശേഖരിച്ചത് എന്നതിനുള്ള തെളിവ് പ്രതികൾക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ല. വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിക്കുക വഴി പ്രതികൾ ബോധപൂർവമായി തെളിവ് നശിപ്പിക്കുകയായിരുന്നു. 20 ലക്ഷം രൂപയുടെ സമ്മാനത്തുക നേടിയെടുക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് ഏറ്റുമുട്ടൽ നടപ്പാക്കിയതെന്നും കുറ്റപത്രം ആരോപിച്ചു. എന്നാൽ, ഏറ്റുമുട്ടലിന് 20 ലക്ഷം നൽകുന്ന സംവിധാനം തങ്ങൾക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
2020 ജൂലൈ 18ന് ഷോപിയാനിലെ അംശിപുരയിൽ മൂന്നു യുവാക്കളെ ഭീകരവാദികളെന്നാരോപിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം വിവാദമായതോടെ നിയമപ്രകാരമുള്ള അന്വേഷണത്തിന് സൈനിക അധികൃതർ ഉത്തരവിട്ടിരുന്നു. പ്രതി ക്യാപ്റ്റൻ സിങ് തടവുകേന്ദ്രത്തിലാണുള്ളത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെ ഒളിത്താവളം തീയിട്ട് നശിപ്പിച്ചെന്നാണ് കൂട്ടു പ്രതികളായ തബിഷ് നാസിർ, ബിലാൽ അഹ്മദ് ലോൺ എന്നിവർക്കെതിരായ കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.