വെടിയേറ്റിട്ടും തളരാതെ കിലോമീറ്ററുകള്‍ വണ്ടിയോടിച്ചു; യാത്രക്കാരെ സുരക്ഷിതരാക്കിയത് ഡ്രൈവറുടെ ധീരത
text_fieldsപട്ന: വയറ്റിൽ വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടി ഓടിച്ച് അക്രമികളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി ഡ്രൈവർ. ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് സംഭവം. ജീപ്പ് ഡ്രൈവറായ സന്തോഷ് സിങ് 15 യാത്രക്കാരുമായി പോയപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിക്കുന്നത്.
ജീപ്പിനെ പിന്തുടർന്ന് എത്തി വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു വെടിയുണ്ട സന്തോഷ് സിങ്ങിന്‍റെ വയറ്റിൽ തട്ടി ഗുരുതരമായ രക്തസ്രാവമുണ്ടായി. വേദനക്കിടയിലും ആയുധധാരികളായ അക്രമികളിൽ നിന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഏതാനും കിലോമീറ്ററുകൾ കൂടി ജീപ്പ് ഓടിച്ച ശേഷമാണ് അദ്ദേഹം നിർത്തിയത്.
യാത്രക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഉടൻ തന്നെ സന്തോഷ് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സന്തോഷ് സിങ്ങിന്‍റെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. രണ്ട് പ്രതികളും അതേ ദിവസം മറ്റൊരു വാഹനത്തിന് നേരെയും ആക്രമണം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. യാത്രക്കാരുടെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രങ്ങളും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.