സാംസ്കാരിക മാർക്സിസ്റ്റുകളെ കരുതിയിരിക്കണമെന്ന് മോഹൻ ഭാഗവത്
text_fieldsനാഗ്പുർ: സാംസ്കാരിക മാർക്സിസ്റ്റുകളും ഭിന്ന രാഷ്ട്രീയ വക്താക്കളും മാധ്യമങ്ങളിലും അക്കാദമിക് രംഗത്തും തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യത്തെ വിദ്യാഭ്യാസവും സംസ്കാരവും നശിപ്പിക്കുകയാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. വിജയദശമി ദിനത്തിൽ ആർ.എസ്.എസ് ആസ്ഥാനത്ത് വാർഷിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം നിഷേധാത്മകമായ ശക്തികൾ തങ്ങൾ ഉന്നത ലക്ഷ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, അവരുടെ യഥാർഥ ലക്ഷ്യം ലോകക്രമം തടസ്സപ്പെടുത്തുക എന്നതാണ്. സ്വാർഥരും വഞ്ചകരുമായ ഈ ശക്തികൾ വിഭാഗീയ താൽപര്യങ്ങളിലൂടെ സാമൂഹിക യോജിപ്പ് ഇല്ലാതാക്കുകയും സംഘർഷം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇവരിൽ ചിലർ സാംസ്കാരിക മാർക്സിസ്റ്റുകളെന്നും അല്ലെങ്കിൽ ഭിന്ന രാഷ്ട്രീയ വക്താക്കളുമെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഇന്ത്യ വിരുദ്ധ വൈകാരികതക്കെതിരെ ജനം ജാഗ്രത പാലിക്കണം. മണിപ്പൂരിലെ സംഘർഷങ്ങളിൽ വിദേശ താൽപര്യങ്ങളുണ്ടോ എന്ന് ഭാഗവത് സംശയം പ്രകടിപ്പിച്ചു.
മെയ്തേയികളും കുക്കികളും വർഷങ്ങളായി സഹവർത്തിത്വത്തോടെയാണ് ജീവിച്ചത്. പെട്ടെന്ന് എന്താണ് സംഭവിച്ചത്. പരസ്പരം ഏറ്റുമുട്ടുന്നത് എന്തിനാണ്. സംഘർഷത്തിൽ ആർക്കാണ് നേട്ടമുണ്ടായതെന്നും ഭാഗവത് ചോദിച്ചു.
ആർ.എസ്.എസിന്റെ സ്ഥാപകദിനം കൂടിയായ ചടങ്ങിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്തു. ഗായകൻ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.