ജാമ്യവ്യവസ്ഥ പാലിക്കാനാവാത്ത വിചാരണത്തടവുകാർക്ക് ഇളവു നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജാമ്യം ലഭിച്ച ശേഷവും വിചാരണത്തടവുകാർ ജയിലിൽ കഴിയുകയാണെങ്കിൽ ജാമ്യവ്യവസ്ഥകളിൽ മാറ്റംവരുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി കോടതികൾക്ക് നിർദേശം നൽകി. ജാമ്യവ്യവസ്ഥകൾ പാലിക്കാൻ പറ്റാത്തതിനാൽ നിരവധി വിചാരണത്തടവുകാർ ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, അഭയ് എസ്. ഓക്ക എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
പലപ്പോഴും മോചനം വൈകുന്നതിന് കാരണം പ്രാദേശിക ജാമ്യക്കാരൻ വേണമെന്ന കോടതികളുടെ നിർബന്ധമാണ്. പുറത്തിറങ്ങിയാൽ ജാമ്യക്കാരനെ ഹാജരാക്കാൻ കഴിയുമെന്ന് പ്രതി പറഞ്ഞാൽ നിശ്ചിത കാലയളവിലേക്ക് താൽകാലിക ജാമ്യം നൽകുന്നത് കോടതികൾ പരിഗണിക്കണം.
ജാമ്യം അനുവദിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ജാമ്യ ബോണ്ടുകൾ നൽകിയില്ലെങ്കിൽ, കോടതി സ്വമേധയാ കേസ് എടുത്ത് ജാമ്യ വ്യവസ്ഥകളിൽ ഭേദഗതികളോ ഇളവുകളോ ആവശ്യമുണ്ടോ എന്നു പരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജാമ്യം അനുവദിക്കുന്ന കോടതി ഉത്തരവിന്റെ സോഫ്റ്റ് കോപ്പി ജയിൽ സൂപ്രണ്ട് മുഖേന അതേ ദിവസമോ അടുത്ത ദിവസമോ തടവുകാരന് നൽകണം.
ജയിൽ സൂപ്രണ്ട് ഇ-പ്രിസൺസ് സോഫ്‌റ്റ്‌വെയറിൽ ജാമ്യം അനുവദിച്ച തീയതി രേഖപ്പെടുത്തുകയും വേണം. ജാമ്യം അനുവദിച്ച തീയതി മുതൽ ഏഴു ദിവസത്തിനുള്ളിൽ പ്രതിയെ വിട്ടയച്ചില്ലെങ്കിൽ ജയിൽ സൂപ്രണ്ട് ലീഗൽ എയ്ഡ് സൊസൈറ്റിയെ വിവരം അറിയിച്ച് മോചനത്തിനാവശ്യമായ സഹായം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.