പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല; ദലിതനായതിനാലാണെന്ന് പറയണോ -മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: സഭയിൽ ജാതിവാദമുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ ചെയർമാൻ ജഗ്ദീപ് ധൻഖറിനോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭ ബഹിഷ്കരിച്ച് ഇറങ്ങി വന്ന് ധൻഖറിന് മറുപടി നൽകുകയായിരുന്നു ഖാർഗെ.
സഭക്കുള്ളിൽ അംഗങ്ങൾക്ക് സംരക്ഷണം നൽകേണ്ടയാളാണ് ചെയർമാൻ. ചെയർമാൻ തന്നെ ഇങ്ങനെ സംസാരിച്ചാൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത് ദലിത് നേതാവായതുകൊണ്ടാണെന്ന് തനിക്ക് പറയാമോ എന്ന് ഖാർഗെ ചോദിച്ചു. സഭക്കുള്ളിൽ അത്തരം ജാതിവാദങ്ങളുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന പണി ആരും ചെയ്യരുത്. ഓരോ വ്യക്തിയും ഏതു വിഷയത്തിലും തന്റെ ജാതിയെ ബാധിച്ചു എന്ന് പറയുകയാണെങ്കിൽ പിന്നെ ഇതെല്ലാം തന്റെ ജാതിയെയും ബാധിക്കുന്നുണ്ട്. താൻ എഴുന്നേറ്റുനിന്ന് സഭയിലെന്തൊക്കെ ചോദിച്ചിട്ടും അതിന്റെ ഉത്തരം ഇന്നുവരെ ലഭിച്ചിട്ടില്ലെന്നും ഖാർഗെ ധൻഖറിനെ ഓർമിപ്പിച്ചു.
താനും ചിദംബരവും തിരുച്ചി ശിവയും വൈകോയും എളമരം കരീമും സംസാരിക്കാൻ എഴുന്നേറ്റപ്പോഴേക്കും ഭരണപക്ഷത്തിന്റെ മുഴുവൻ എം.പിമാരും എഴുന്നേറ്റുനിന്ന് മുദ്രാവാക്യംവിളി തുടങ്ങി. 10 പേരെ തടയാൻ ഭരണകക്ഷി 200 പേരെ എഴുന്നേൽപിച്ചുനിർത്തുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിന് അന്ത്യംകുറിക്കാനുള്ള കീഴ്വഴക്കമുണ്ടാക്കുകയാണ്. സഭയുടെ പുറത്ത് നടത്തിയ മിമിക്രിയെ അപലപിച്ച് സഭക്കുള്ളിൽ പ്രമേയം പാസാക്കുന്നു. കേന്ദ്രമന്ത്രിയും നൂറോളം എം.പിമാരും എഴുന്നേറ്റുനിന്ന് മിമിക്രിയിൽ പ്രതിഷേധിക്കുന്നു. അതിനൊക്കെ ചെയർമാൻ അനുമതി നൽകുന്നു. സത്യം പറയാൻ അദ്ദേഹം അനുമതി നൽകുന്നുമില്ല. തങ്ങൾ ആരെയും അപമാനിക്കാനുദ്ദേശിച്ചിട്ടില്ല. അത് തങ്ങളുടെ സ്വഭാവവുമല്ല.
പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ വന്ന് പ്രസ്താവന നടത്താത്തതെന്തുകൊണ്ടാണെന്ന് ഖാർഗെ ചോദിച്ചു. 141 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കുകയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ വന്ന് പ്രസ്താവന നടത്തുകയും ചെയ്യുന്നില്ലെങ്കിൽ അത് പാർലമെന്റിനോട് ചെയ്യുന്ന ചരിത്രപരമായ തെറ്റായിരിക്കുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.