ഈ തട്ടിപ്പ് ബാബയെ പകർച്ച വ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നില്ലേ? -ശ്രീവത്സ
text_fieldsന്യൂഡൽഹി: അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നും പ്രചരിപ്പിക്കുന്ന ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് ശ്രീവത്സ. രോഗബാധിതനായപ്പോൾ നിരവധി തവണ മികച്ച ആശുപത്രികളിൽ പ്രവേശിച്ച് ചികിത്സതേടിയ രാംദവ് ഇപ്പോൾ ഡോക്ടർമാരെ ചീത്ത വിളിക്കുകയും മെഡിക്കൽ സയൻസിനെ പരിഹസിക്കുകയും ചെയ്യുകയാണ്. ഈ തട്ടിപ്പ് ബാബയെ പകർച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നില്ലേ -അദ്ദേഹം ചോദിച്ചു.
''അസുഖം വന്നപ്പോൾ നിരവധി തവണ രാംദേവ് സുഖം പ്രാപിക്കാൻ മികച്ച ആശുപത്രികളിൽ ചികിത്സ തേടി. എന്നിട്ടും അദ്ദേഹം ഡോക്ടർമാരെ ചീത്ത പറയുകയും മെഡിക്കൽ സയൻസിനെ പരിഹസിക്കുകയും ചെയ്യുന്നു. മോദിയുടെ അനുഗ്രഹാശിസ്സുകളും ഇടപാടുകളുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളെ ശക്തിപ്പെടുത്തുന്നത്. പുതിയ ഇന്ത്യയെന്നാൽ ശാസ്ത്രത്തേക്കാൾ കുതന്ത്രങ്ങൾക്ക് വിലയുള്ള ഒരു ബനാന റിപ്പബ്ലിക് ആയിമാറി'' -ശ്രീവത്സ ട്വീറ്റിൽ ആരോപിച്ചു.
''മോശം ഭാഷ ഉപയോഗിച്ചാണ് രാംദേവ് ഡോക്ടർമാരെ കടന്നാക്രമിക്കുന്നത്. ഈ തട്ടിപ്പ് ബാബയെ പകർച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യേണ്ടതല്ലേ? പുതിയ ഇന്ത്യയിൽ രാംദേവ് ഒരു ശാസ്ത്രജ്ഞനും പാത്ര ഡോക്ടറുമാണ്. ഇതിനാലാണ് ഇന്ത്യ പിന്നാക്കം പോകുന്നത്! ഈ രാജ്യത്തെ രക്ഷിക്കാൻ നമ്മുടെ ശാസ്ത്രാഭിമുഖ്യം തിരികെ കൊണ്ടുവരണം'' -മറ്റൊരു ട്വീറ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങിലാണ് ബാബ രാംേദവ് അലോപ്പതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിന്‍റെ വീഡിയോ വിഡിയോ വൈറലായിരുന്നു. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പിന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത്" -എന്നിങ്ങനെയായിരുന്നു രാംദേവിന്‍റെ ആരോപണം.
ഇതിനെതിരെ കടുത്ത നിലപാടുമായി ഡോക്ടർമാരുടെ സംഘടനയായ െഎ.എം.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയിൽനിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.