തോൽക്കാൻ വേണ്ടി കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കണോയെന്ന് ലാലു പ്രസാദ് യാദവ്
text_fieldsപട്ന: ബിഹാറിൽ കോൺഗ്രസും സഖ്യകക്ഷിയായ ആർ.ജെ.ഡിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീങ്ങി പുറത്തേക്ക്. തോൽക്കാൻ വേണ്ടി ഉപതെരഞ്ഞെടുപ്പ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കണമോയെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് ചോദിച്ചു. ബിഹാറിന്‍റെ ചുമതലയുള്ള നേതാവായ ഭക്തചരൺ ദാസിനെ ലാലു വിവേകമില്ലാത്തയാൾ എന്ന് വിശേഷിപ്പിച്ചത് കോൺഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്.
'നഷ്ടപ്പെടുത്താൻ വേണ്ടി ഞങ്ങൾ നിയമസഭാ സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുക്കണോ?' -പട്നയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ന്യൂഡൽഹിയിൽ വെച്ച് ലാലു മാധ്യമപ്രവർത്തകരുടെ ചോദിച്ചു.
ഒക്‌ടോബർ 30ന് ബിഹാറിലെ കുശേശ്വർ ആസ്ഥാനിലും താരാപൂരിലും നടക്കാൻ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെ കോൺഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു. ഇതോടെ മണ്ഡലം കോൺഗ്രസിന് വിട്ടുനൽകാൻ ആർ.ജെ.ഡി വിസമ്മതിച്ചു. നിലവിൽ രണ്ടു സീറ്റുകളിലും ജെ.ഡി.യുവിനെതിരെ ആർ.ജെ.ഡിയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
ആർ.ജെ.ഡിയും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയിൽ എത്തിയതായും കോൺഗ്രസ് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നുമായിരുന്നു ദാസ് നേരത്തെ പറഞ്ഞത്. ഈ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ദാസിനെ ലാലു വിവേകമില്ലാത്തയാൾ എന്ന് വിശേഷിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ മോശം സ്ട്രൈക്ക്റേറ്റാണ് സംസ്ഥാനത്ത് എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരാൻ കാരണമായതെന്ന് ലാലു കുറ്റപ്പെടുത്തി. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.
ദാസിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവന ലാലുവിന്‍റെ ദലിത് വിരുദ്ധ മനോഭാവവും സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളോടുള്ള സ്വേച്ഛാധിപത്യ മനോഭാവവും പ്രകടിപ്പിക്കുന്നുവെന്ന് കോൺഗ്രസ് എം.എൽ.എ ഷക്കീൽ അഹമ്മദ് പ്രതികരിച്ചു. ലാലുവിന്‍റെ പ്രസ്താവന ദാസിന് എതിരെയല്ല, ദളിത് സമൂഹത്തിന് എതിരെയാണെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു. ദളിത് വിഭാഗത്തിൽപ്പെട്ടവരോട് ലാലു മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാലു മനസ്സുതുറന്നുവെന്നും കോൺഗ്രസ് സഖ്യം കാരണം വർഷങ്ങളോളം കഷ്ടപ്പെടേണ്ടിവന്നതിലുള്ള നിരാശ പ്രകടിപ്പിച്ചുവെന്നും ബി.ജെ.പി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.