'മാപ്പപേക്ഷ വലുപ്പത്തിൽ വേണം'; രാംദേവിന് സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: ആയുർവേദ മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി സ്ഥാപകരായ രാംദേവിനും ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നടപടി പാടില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചതിനെയും സുപ്രീംകോടതി വിമർശിച്ചു. ഹരജിക്കാരായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെയും (ഐ.എം.എ) ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ് സനുദ്ദീൻ അമാനുല്ലയും ‘നിർത്തിപ്പൊരിച്ചു’. വിലകൂടിയതും അനാവശ്യവുമായ മരുന്നുകൾ ഐ.എം.എയുടെ ഡോക്ടർമാർ കുറിക്കുന്നുവെന്നായിരുന്നു കോടതിയുടെ പ്രതികരണം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിൽ മാപ്പ് പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ രാംദേവിനോടും ബാലകൃഷ്ണയോടും കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇന്നലെ നൽകിയ പരസ്യം കോടതിയിൽ രാവിലെയാണ് പതഞ്ജലിയുടെ അഭിഭാഷകൻ മുകുൾ റോത്തഗി സമർപ്പിച്ചത്. അതിനാൽ പരസ്യം കണ്ടില്ലെന്ന് കോടതി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മുമ്പ് നൽകിയ പരസ്യത്തിന്റെ അതേ വലുപ്പത്തിലാണോ മാപ്പ് ചോദിച്ചുള്ള പരസ്യമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ആരാഞ്ഞു.
67 പത്രങ്ങളിൽ പരസ്യം നൽകാൻ പത്ത് ലക്ഷം രൂപ ചെലവായെന്നായിരുന്നു റോത്തഗിയുടെ മറുപടി. അക്കാര്യം കോടതി പരിഗണിക്കേണ്ടതില്ലെന്ന് ഹിമ കോഹ്ലി പറഞ്ഞു. പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ വിവരം സമർപ്പിക്കണമെന്നും ഈ പരസ്യം വലുതാക്കി തരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പരസ്യത്തിന്റെ വലുപ്പം എത്രയാണോ അത് കാണണം. സുക്ഷ്മദർശിനിയിലൂടെ കാണേണ്ട അവസ്ഥയുണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. പത്രങ്ങളിലൂടെ മാപ്പ് പറയാമെന്ന് കഴിഞ്ഞ സിറ്റിങ്ങിൽ രാംദേവും ബാലകൃഷ്ണയും സമ്മതിച്ചിരുന്നു.
തുടർന്നാണ് ചെറിയ വലുപ്പത്തിൽ മാധ്യമങ്ങളിൽ ‘മാപ്പ് പരസ്യം’ നൽകിയത്. തെറ്റ് ആവർത്തിക്കില്ലെന്നും നിയമവ്യവസ്ഥയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പരസ്യത്തിൽ പതഞ്ജലി കമ്പനി അഭിപ്രായപ്പെട്ടു. പതഞ്ജലിക്കെതിരായ കേസിൽ ഐ.എം.എ 1000 കോടി രൂപ പിഴയീടാക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിങ്ങൾക്കുവേണ്ടി മറ്റാരെങ്കിലും അപേക്ഷ നൽകിയതാണോയെന്ന് റോത്തഗിയോട് ജസ്റ്റിസ് ഹിമ ചോദിച്ചു. അറിയില്ലെന്നായിരുന്നു മറുപടി. വലുപ്പത്തിലുള്ള പരസ്യം നൽകാമെന്ന് രാംദേവിന്റെ അഭിഭാഷകൻ സമ്മതിച്ചതിനാൽ കേസ് ഈ മാസം 30ലേക്ക് മാറ്റി.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലെ ചട്ടം 170 അനുസരിച്ച് ഇനി നടപടി പാടില്ലെന്ന് കഴിഞ്ഞ ആഗസ്റ്റ് 29ന് ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയതിനെയാണ് കോടതി വിമർശിച്ചത്. പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ പാര്‍ലമെന്റില്‍ പറഞ്ഞതിനുശേഷം ഇത്തരം കത്തയച്ചത് എന്തിനെന്ന് കോടതി ആരാഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്കുന്ന മറ്റ് ഉൽപന്നങ്ങൾ രോഗികൾക്ക് കുറിച്ചുകൊടുക്കുന്ന അലോപ്പതി ഡോക്ടര്‍മാർക്കെതിരെ നടപടി വേണമെന്നും കോടതി വാക്കാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.