കൊൽക്കത്ത ബലാത്സംഗക്കൊല: പ്രതിഷേധത്തിന് കുട്ടികളെ ഇറക്കിയതിന് മൂന്ന് സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നു. ഇതിനിടെ സ്കൂൾ സമയത്ത് വിദ്യാർഥികളെ പ്രതിഷേധ റാലിയിൽ ഉൾപ്പെടുത്തിയതിന് മൂന്ന് സ്കൂളുകൾക്ക് പശ്ചിമ ബംഗാൾ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് വിവാദമായി.
ഹൗറ ജില്ലയിലെ ബലുഹട്ടി ഹൈസ്‌കൂൾ, ബലുഹട്ടി ഗേൾസ് ഹൈസ്‌കൂൾ, ബന്ത്ര രാജ്‌ലക്ഷ്മി ഗേൾസ് സ്‌കൂൾ എന്നീ മൂന്ന് എയ്ഡഡ് സ്‌കൂളുകൾക്കാണ് വെള്ളിയാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇതിനകം വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾ ഇത്തരമൊരു റാലിയിൽ പങ്കെടുക്കാൻ പാടില്ലെന്നും സർക്കാർ അറിയിച്ചു. ചില അധ്യാപകരും മറ്റ് സ്‌കൂൾ ജീവനക്കാരുമാണ് വിദ്യാർഥികളെ റാലിയിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സ്കൂളുകൾ സംഘടിപ്പിച്ച സംയുക്ത റാലിയിൽ വിദ്യാർഥികൾക്കൊപ്പം നിരവധി അധ്യാപകരും അനധ്യാപകരും പങ്കെടുത്തിരുന്നു. ഇത് നിയമ ലംഘനമാണ്. വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വിവിധ ക്ലാസുകളിലെ വിദ്യാർഥികളെ രാഷ്ട്രീയ റാലികളിലേക്കും ഉപരോധങ്ങളിലേക്കും വലിച്ചിഴക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഈ നടപടികളിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 28കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് പശ്ചിമ ബംഗാളിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇരക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് റാലികൾ സംഘടിപ്പിച്ചും പൊതു ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.