ബലാബലം; ബംഗളൂരുവിലും ഡൽഹിയിലുമായി ഭരണ-പ്രതിപക്ഷ ശക്തിപ്രകടനം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏഴുമാസം മാത്രം ബാക്കിനിൽക്കേ, ഡൽഹിയിലും ബംഗളൂരുവിലുമായി ചൊവ്വാഴ്ച ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനം. ബി.ജെ.പിക്കെതിരെ പൊതുതന്ത്രം രൂപപ്പെടുത്താൻ 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവിൽ വിളിച്ച രണ്ടു ദിവസത്തെ യോഗത്തിന് ബദലായി എല്ലാ ചങ്ങാത്ത കക്ഷികളെയും ബി.ജെ.പി ചൊവ്വാഴ്ച തിരക്കിട്ട് ഡൽഹിക്ക് വിളിച്ചു. 38 പാർട്ടികൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം.
ലോക്സഭയിൽ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള പാർട്ടിയെന്ന നിലക്ക് സഖ്യകക്ഷികളെ വർഷങ്ങളായി തഴഞ്ഞിട്ട ബി.ജെ.പിയാണ് പ്രതിപക്ഷ ഐക്യസമ്മേളനത്തിന്റെ അതേ ദിവസം തന്നെ ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചത്. ബി.ജെ.പിയൊഴിച്ച് ശക്തരായ പാർട്ടികൾ ഇക്കൂട്ടത്തിൽ വിരളം. പ്രതിപക്ഷം വിളിച്ച യോഗത്തിന് എത്തുന്നത് കോൺഗ്രസും പ്രാദേശിക തലത്തിൽ കരുത്തരായ പാർട്ടികളുമാണ്. അതേസമയം, ശക്തമായ ഐക്യം ഇനിയും രൂപപ്പെട്ടിട്ടില്ല.
പട്നയിൽ നടന്ന ആദ്യ യോഗത്തിനു പിന്നാലെ, ബി.ജെ.പിവിരുദ്ധ ചേരിയുടെ കർമപരിപാടി രൂപപ്പെടുത്താനാണ് പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവിൽ ചേരുന്നത്. കോൺഗ്രസ്, സി.പി.എം, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, ശിവസേന, ജനതദൾ-യു, ആർ.ജെ.ഡി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ സ്വന്തം വോട്ടുബാങ്കും കരുത്തും തെളിയിക്കാൻ കഴിയുന്ന പാർട്ടികളുടെ നായക നേതാക്കളാണ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ബി.ജെ.പിയെ തോല്പിക്കുകയെന്ന പൊതുലക്ഷ്യത്തിനായി ഒരു വേദിയിൽ വന്നത്.
ശിവസേന-ഷിൻഡെ വിഭാഗം, എൻ.സി.പി-അജിത് പവാർ പക്ഷം, എ.ഐ.എ.ഡി.എം.കെ, അസം ഗണപരിഷത് എന്നിവ കഴിഞ്ഞാൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന പാർട്ടികളില്ല. ബി.ജെ.പിയുടെ ഒൻപതു വർഷ ഭരണത്തിനിടയിൽ ഇത്തരമൊരു യോഗം നടന്നിട്ടില്ല. പങ്കെടുക്കുന്ന 38 പാർട്ടികൾ ഏതൊക്കെയെന്ന് ചൊവ്വാഴ്ച വ്യക്തമാവുമെന്നാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞത്.
ഡൽഹിയിൽ ഭരണപക്ഷവും ബംഗളൂരുവിൽ പ്രതിപക്ഷവും സമ്മേളിക്കുമ്പോൾ, രണ്ടിലും പെടാതെ ബാക്കിയായ കക്ഷികൾ അധികമില്ല.
പ്രതിപക്ഷത്തോട് അകലം പാലിച്ചു കഴിയുന്ന ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസ്, മായാവതിയുടെ ബി.എസ്.പി, ബി.ജെ.പിയെ നിർണായക സന്ദർഭങ്ങളിൽ സഹായിച്ചുപോരുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്, നവീൻ പട്നായികിന്റെ ബി.ജെ.ഡി എന്നിവ ഇവരിൽ ഉൾപ്പെടും. ബി.ജെ.പിയിലേക്ക് ചാഞ്ഞു നിൽക്കുന്ന ജനതദൾ-എസിന് ഡൽഹി യോഗത്തിന് ക്ഷണമില്ല. വീണ്ടും അടുത്തു തുടങ്ങിയ ടി.ഡി.പി, ശിരോമണി അകാലിദൾ തുടങ്ങിയവയുടെ കാര്യം വ്യക്തമല്ല.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യനീക്കം ‘പടമെടുപ്പ്’ മാത്രമായി കണ്ട ബി.ജെ.പി ഒപ്പമുള്ളവരെ ചേർത്തുനിർത്തി ‘ഡൽഹി ഷോ’ക്ക് ഒരുങ്ങുന്നത് ഭരണപക്ഷത്തെ അസ്വസ്ഥത പുറത്തുകൊണ്ടുവരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നാല് പ്രധാന പ്രശ്നങ്ങൾ ബി.ജെ.പിക്ക് മുന്നിലുണ്ട്. യു.പി, ഗുജറാത്ത് തുടങ്ങിയ പാർട്ടി ശക്തികേന്ദ്രങ്ങളിൽ വളർച്ച മുറ്റി. തമിഴ്നാടും കേരളവും പോലെ ഇത്ര കാലമായിട്ടും വേരുറക്കാത്ത സംസ്ഥാനങ്ങളിലെ കരുനീക്കങ്ങൾ ഫലിക്കുന്നില്ല. ബിഹാർ, ഹരിയാന, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളിൽ ശക്തിക്ഷയം. ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ട വിഷയം പുറമെ. ഇതിനെല്ലാമിടയിലാണ് ഒപ്പമുള്ളവർ കൈവിട്ടുപോകാതെയുള്ള ചേർത്തുനിർത്തൽ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.