‘നിങ്ങളുടെ ബിരുദം കാണിക്കൂ’; മോദിയെ ലക്ഷ്യമിട്ട് കാമ്പയിനുമായി ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ലക്ഷ്യമിട്ട് ‘നിങ്ങളുടെ ബിരുദം കാണിക്കൂ’ കാമ്പയിനുമായി ആം ആദ്മി പാർട്ടി. മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ ചോദിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈകോടതി 25,000 രൂപ പിഴയിട്ട് ഒരാഴ്ച കഴിഞ്ഞാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
തങ്ങളുടെ ബിരുദ സാക്ഷ്യപത്രങ്ങൾ ജനങ്ങൾക്കുമുമ്പാകെ വെക്കുമെന്നും ബി.ജെ.പി നേതാക്കൾ അതുപോലെ ചെയ്യണമെന്നും പറഞ്ഞാണ് ആപ് നേതാവ് ആതിഷി മർലേന കാമ്പയിന് തുടക്കമിട്ടത്. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എയും ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽനിന്ന് രണ്ട് മാസ്റ്റർ ബിരുദങ്ങളും നേടിയ താൻ ഇവ മൂന്നും രാജ്യത്തിന് മുമ്പാകെ വെക്കുകയാണെന്ന് കാമ്പയിന് തുടക്കമിട്ട ആതിഷി മാധ്യമങ്ങളോട് പറഞ്ഞു.
2016ലാണ് മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ ചോദിച്ച് കെജ്രിവാൾ വിവരാവകാശ അപേക്ഷ നൽകിയത്. തുടർന്ന് മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളുടെ വിവരങ്ങൾ പങ്കുവെക്കാൻ കേന്ദ്ര വിവരാവകാശ കമീഷണർ ശ്രീധർ ആചാര്യ ലൂ പ്രധാനമന്ത്രിയുടെ ഓഫിസിനും ഗുജറാത്ത്, ഡൽഹി സർവകലാശാലകൾക്കും നിർദേശം നൽകി. ഇത് ചോദ്യംചെയ്ത് ഗുജറാത്ത് സർവകലാശാല സമർപ്പിച്ച അപ്പീലിലാണ് കെജ്രിവാളിന് പിഴയിട്ടത്.
അതേസമയം, ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന ഐ.ഐ.ടി ബിരുദമുണ്ടായിട്ട് പോലും ചിലർ നിരക്ഷരരാണെന്ന് പ്രതികരിച്ചു. ബിരുദമെന്നത് ഒരാൾ സാക്ഷരനാണെന്ന് അറിയാനുള്ള സാക്ഷ്യപത്രം മാത്രമാണെന്നും യഥാർഥ വിദ്യാഭ്യാസം അറിവും സ്വഭാവവുമാണെന്നും സക്സേന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.