രാമനവമി ഘോഷയാത്രക്കാർക്ക് വെള്ളകുപ്പികൾ വിതരണം ചെയ്ത് സിലിഗുരിയിലെ മുസ്ലിം യുവാക്കൾ
text_fieldsകൊൽക്കത്ത: രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ ആക്രമണ പരമ്പരകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മത സൗഹാർദ്ദ വഴിയിലൂടെ രാജ്യത്തിന് മാത്യകയാവുകയാണ് സിലിഗുരിയിലെ മുസ്ലിം യുവാക്കൾ. പശ്ചിമബംഗാളിലെ സിലിഗുരിയിൽ രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് വെള്ളകുപ്പികൾ വിതരണം ചെയ്തും ആലിംഗനങ്ങൾ നൽകിയുമാണ് മുസ്ലിം യുവാക്കൾ രാമനവമി ആഘോഷത്തിൽ പങ്കുചേർന്നത്. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് രാമനവമി ആശംസകൾ നേരാനും ഇവർ മറന്നില്ല.
രാമനവമി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആളുകൾ വളരെ ദൂരെ നിന്ന് വരുന്നതിനാലാണ് അവർക്ക് വെള്ളക്കുപ്പികൾ വിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചതെന്ന് കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകിയ ഷാനവാസ് ഹുസൈൻ പറഞ്ഞു. നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യയെന്നും എല്ലാ മതസ്ഥരുടെയും ആഘോഷങ്ങൾ നമ്മൾ ഒരു പോലെ ആഘോഷിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്രക്കാർക്ക് വേണ്ടി 4,000ത്തിലധികം വെള്ളക്കുപ്പികൾ വിതരണം ചെയ്തതായും റമദാൻ പോലൊരു പുണ്യമാസത്തിൽ ഇങ്ങനെയൊരു സഹായം ചെയ്യാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വെള്ളകുപ്പികൾ വിതരണം ചെയ്ത മുസ്ലിം യുവാക്കൾക്ക് നന്ദി പറയാന്‍ ഘോഷയാത്രക്കാരും മറന്നില്ല. രാമനവമി ദിവസത്തിൽ ആശംസകൾ അറിയിക്കാനും ഞങ്ങൾക്ക് വെള്ളക്കുപ്പികൾ നൽകാനും മുന്നോട്ടു വന്ന യുവാക്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നതായി ഘോഷയാത്രയിൽ പങ്കെടുത്ത പ്രകാശ് കുമാർ ഝാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.