മുഖ്യമന്ത്രിക്ക് തണുത്ത ചായ കൊടുത്തു; ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ്
text_fieldsഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തണുത്ത ചായ നൽകിയതിന് ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ്. വി.ഐ.പി ഡ്യൂട്ടിയുടെ പ്രോട്ടോക്കോൾ ലംഘിച്ചു എന്നാരോപിച്ചാണ് ജൂനിയർ സപ്ലൈ ഓഫീസർ രാകേഷ് കനൗഹക്ക് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഡി. പി ദ്വിവേദി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം കനത്തതോടെ നോട്ടീസ് പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കു ശേഷം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഭാത ഭക്ഷണം കഴിക്കാനായി ഖജുരാഹോ വിമാനത്താവളത്തിലെ വി.ഐ.പികൾക്കായുള്ള വിശ്രമമുറിയിൽ എത്തിയിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിക്ക് നൽകിയ ചായക്ക് ചൂടില്ലായിരുന്നു എന്നാരോപിച്ചാണ് രാകേഷ് കനൗഹക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എന്നാൽ മുഖ്യമന്ത്രി വളരെ കുറച്ചുസമയം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ചായ കുടിച്ചിട്ടില്ലെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
'ചായയും പ്രാതലും കൃമീകരിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളെ ഏൽപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയ ചായയുടെ ഗുണനിലവാരം കുറവായിരുന്നു. തണുത്ത ചായയാണ് നൽകിയത്. ഇത് വി.ഐ.പി ഡ്യൂട്ടിയുടെ പ്രോട്ടോക്കോൾ ലംഘനമാണ്.'- കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
എന്നാൽ നടപടി വിവാദമായതോടെ മുഖ്യമന്ത്രി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് പിൻവലിച്ചതായി ജില്ലാകലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.