ശ്രദ്ധ വാൽകർ കൊലക്കേസ്: മൃതദേഹം വെട്ടിമുറിക്കാനുപയോഗിച്ച കത്തി കണ്ടെത്തി
text_fieldsന്യൂഡൽഹി: പങ്കാളിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കിയ കേസിൽ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. 26 കാരിയായ ശ്രദ്ധ വാൽകറെ കൊലപ്പെടുത്തിയ കേസിൽ പങ്കാളി അഫ്താബ് അമീൻ പൂനവാലയാണ് അറസ്റ്റിലായത്. മൃതദേഹം തുണ്ടംതുണ്ടമാക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം അഫ്താബിന്റെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. കർശനമായ ചോദ്യം ചെയ്യലിനൊടുവിലാണ് അഫ്താബ് കുറ്റം സമ്മതിച്ചത്. ഛതർപൂരിലെ ഫ്ലാറ്റിൽ ഒളിപ്പിച്ചു വെച്ച ആയുധം കണ്ടെത്താൻ അഫ്താബും പൊലീസിനെ സഹായിച്ചു.
കഴിഞ്ഞദിവസം അഫ്താബിന്റെ ഗുരുഗ്രാമിലെ ജോലിസ്‍ഥലത്തുനിന്ന് കറുത്ത നിറമുള്ള പോളിത്തീൻ ബാഗും പൊലീസ് കണ്ടെടുത്തിരുന്നു. ആയുധം കണ്ടെടുത്തത് അന്വേഷണത്തിലെ നിർണായക തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.
പ്രത്യേക തരം ആസിഡ് ഉപയോഗിച്ചാണ് മൃതദേഹം വെട്ടിമുറിച്ചപ്പോഴുണ്ടായ രക്തത്തിന്റെ പാട് അഫ്താബ് ഫ്ലാറ്റിലെ തറയിൽ നിന്ന് കഴുകിക്കളഞ്ഞതെന്നും പൊലീസ് പറഞ്ഞു. അതേസമയം, കൊലനടത്തുമ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറ മായാൻ സാധ്യതയില്ലെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്.എന്നാൽ അഫ്താബിന്റെയും ശ്രദ്ധയുടെയും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല.
ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ അഴുക്കുശേഖരത്തിൽ കളഞ്ഞുവെന്നാണ് അഫ്താബ് നൽകിയ മൊഴി. ഇത് കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. മൃതദേഹത്തിന്റെ തലയടക്കം പല ഭാഗങ്ങളും കണ്ടെത്താനുണ്ട്. ശ്രദ്ധയുടെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടില്ല. അതിനിടെ കാട്ടിൽ നിന്ന് ലഭിച്ച ബാഗിലെ മൃതദേഹ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്നറിയാൻ 15 ദിവസം എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.