സിബലിന്റെ പടിയിറക്കം കോൺഗ്രസിനും ജി-23 സംഘത്തിനും ആഘാതം
text_fieldsന്യൂഡൽഹി: നെഹ്റുകുടുംബവുമായി അകന്ന് കപിൽ സിബൽ കോൺഗ്രസിൽനിന്ന് പുറത്തുപോകുന്നത് പാർട്ടി നേതൃത്വത്തിനും ജി-23 സംഘത്തിനും ഒരേപോലെ ആഘാതം.
പാർട്ടിയുടെ തകർച്ചയും ഉൾപ്പോരും ഒരിക്കൽക്കൂടി പ്രതിഫലിപ്പിക്കുന്നതാണ് കപിൽ സിബലിന്റെ ഇറങ്ങിപ്പോക്ക്. പാർലമെന്റിലും കോടതിയിലും കോൺഗ്രസിനുവേണ്ടി ശക്തമായി വാദിച്ചുപോന്ന, മൂന്നു പതിറ്റാണ്ടത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് കപിൽ സിബൽ. ഏഴു മാസങ്ങൾക്കിടയിൽ പാർട്ടിവിടുന്ന ആറാമത്തെ പ്രമുഖൻ. അമരീന്ദർസിങ്, സുനിൽ ഝാക്കർ, ഹാർദിക് പട്ടേൽ, ആർ.പി.എൻ സിങ്, അശ്വനി കുമാർ എന്നിവരാണ് മറ്റുള്ളവർ.
രാഹുൽ ഗാന്ധി സൃഷ്ടിക്കുന്ന നേതൃപരമായ അനിശ്ചിതാവസ്ഥയും പാർട്ടിയുടെ തന്ത്രപരമായ പരാജയങ്ങളും ചൂണ്ടിക്കാട്ടി നേതൃമാറ്റം അടക്കം അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പേരിൽ പ്രമുഖനാണ് കപിൽ സിബൽ. ഗുലാംനബി, ആനന്ദ് ശർമ തുടങ്ങി ഈ കൂട്ടത്തിലെ മറ്റു നേതാക്കളെല്ലാം നേതൃത്വത്തോട് ഏതാണ്ട് മെരുങ്ങിയ മട്ടാണ്. എന്നാൽ, കപിൽ സിബൽ വഴങ്ങാൻ തയാറായില്ല. സിബലിനെ ഉൾക്കൊള്ളിക്കാൻ നേതൃത്വവും സന്നദ്ധമായില്ല.
ഉദയ്പൂരിൽ കോൺഗ്രസ് നടത്തിയ നവസങ്കൽപ് ചിന്താശിബിരത്തിൽ സിബൽ ഒഴികെ എല്ലാ തിരുത്തൽവാദി നേതാക്കളും പങ്കെടുത്തു. കൂട്ടായ തീരുമാനങ്ങൾ ഉണ്ടാകാൻ പാകത്തിൽ പാർലമെന്ററി ബോർഡ് രൂപവത്കരിക്കണം എന്നതടക്കമുള്ള ജി-23 സംഘത്തിന്റെ ആവശ്യങ്ങൾക്ക് പരിഗണനയൊന്നും കിട്ടിയില്ല. നെഹ്റുകുടുംബത്തിന്റെ തുടർവാഴ്ച ഉറപ്പാക്കുകയും ചെയ്തു.
ഗുലാംനബി, ആനന്ദ് ശർമ തുടങ്ങിയവരെ മെരുക്കി ജി-23 സംഘത്തിന്റെ ശക്തി ചോർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി പ്രഖ്യാപിച്ച രാഷ്ട്രീയകാര്യ സമിതിയിൽ ഗുലാംനബിയും ആനന്ദ് ശർമയും അംഗങ്ങളാണ്.
നെഹ്റുകുടുംബവുമായി സമരസപ്പെട്ടു തുടങ്ങിയ ജി-23 സംഘാംഗങ്ങൾക്കുള്ള മറുപടി കൂടിയായി, കപിൽ സിബലിന്റെ പടിയിറക്കം. ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണ മുനയും ഒടിഞ്ഞു.
സമാജ്‍വാദി പാർട്ടി പിന്തുണയോടെ രാജ്യസഭയിൽ എത്തുന്ന കപിൽ സിബലിന്റെ നാവ് ഇനിയങ്ങോട്ട് കോൺഗ്രസ് നേതൃത്വത്തിനും ജി-23 സംഘത്തിനും ഭയക്കേണ്ടി വരും. സമാജ്‍വാദി പാർട്ടിക്കാകട്ടെ, കപിൽ സിബൽ ഒപ്പംനിൽക്കുന്നത് ദേശീയതലത്തിൽ പാർട്ടിയെ ഉയർത്തിക്കാട്ടാൻ കൂടുതൽ സാധ്യതകൾ നൽകുന്നു.
കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിലാണെങ്കിലും, ഭരണത്തിലായിരുന്ന എസ്.പിയുടെ പിന്തുണയോടെയാണ് കപിൽ സിബൽ രാജ്യസഭയിൽ എത്തിയത്. 27 മാസം ജയിലിൽ കിടന്ന സമാജ്‍വാദി പാർട്ടിയുടെ പ്രമുഖ നേതാവ് അഅ്സംഖാന് കപിൽ സിബലിന്റെ വാദമുഖങ്ങൾ മുൻനിർത്തിയാണ് സുപ്രീംകോടതിയിൽനിന്ന് ഇടക്കാല ജാമ്യം കിട്ടിയത്. ഇത് ഇത്തവണത്തെ പിന്തുണക്ക് പ്രത്യേക കാരണമായി. സീറ്റെണ്ണം നാലിൽനിന്ന് രണ്ടിലേക്കൊതുങ്ങിയതിനാൽ കപിൽ സിബലിനെതിരെ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് യു.പിയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.