സിദ്ധരാമയ്യ: സമുദായങ്ങൾക്കു മീതെ വളർന്ന ‘അഹിന്ദ’ നേതാവ്
text_fieldsബംഗളൂരു: ജാതി-സമുദായ സമവാക്യങ്ങളുടെ ഭൂമികയായ കർണാടകയിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ പിന്നാക്ക, ദലിത്, മുസ്ലിം വിഭാഗങ്ങളുടെ വിശാലകൂട്ടായ്മയുടെ കൂടി വിജയം. ന്യൂനപക്ഷത്തെയും പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും ഒന്നിപ്പിച്ചുള്ള ‘അഹിന്ദ’ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൂടിയായ സിദ്ധരാമയ്യ പിന്നാക്ക വിഭാഗമായ കുറുബ സമുദായത്തിൽനിന്ന് മുഖ്യപദവിയിലേക്ക് ഉയർന്നു വന്ന പോരാളികൂടിയാണ്.
ലോക്ദളിൽനിന്നാരംഭിച്ച് ജനത പരിവാറിലൂടെയും ജെ.ഡി-എസിലൂടെയും വളർന്ന് കോൺഗ്രസിൽ പന്തലിക്കുകയായിരുന്നു ഈ 75കാരൻ. അഴിമതിമുക്തനായ സിദ്ധരാമയ്യയുടെ ഭരണപരിജ്ഞാനവും പൊതുസമ്മതിയും അവകാശപ്പെടാനില്ലെന്നതാണ് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിപദത്തിനായുള്ള മത്സരത്തിൽ പിറകിലാക്കിയത്.
കർഷക കുടുംബത്തിൽ പിറന്ന സിദ്ധരാമയ്യ, വീട്ടിലെ പ്രതിസന്ധികൾ കാരണം തനിക്ക് ചെറുപ്പത്തിൽ സ്കൂൾ ഒഴിവാക്കി കാലി മേയ്ക്കാൻ പോകേണ്ടിവന്നിരുന്നെന്ന് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പഠനത്തിലെ താൽപര്യം കണ്ട് അധ്യാപകർ നേരിട്ട് നാലാം ക്ലാസിലിരുത്തിയാണ് തുടർപഠനം നടന്നത്. അങ്ങനെ ആർട്സിലും നിയമത്തിലും ഇരട്ട ബിരുദം നേടി.
1983ൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം രാമകൃഷ്ണ ഹെഗ്ഡെ, എച്ച്.ഡി. ദേവഗൗഡ, ജെ.എച്ച്. പട്ടേൽ, എസ്.എം. കൃഷ്ണ സർക്കാറുകളിൽ മന്ത്രിയായി. ഗൗഡ, പട്ടേൽ, ധരംസിങ് സർക്കാറുകളിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ ബജറ്റിന് സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രശംസയാണ് ലഭിച്ചത്.
വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ മുൻ സർക്കാറിന്റെ കടം വീട്ടിയും നിലവിലെ സർക്കാറിന് ബാധ്യതകളില്ലാതെയും സാമ്പത്തിക പട്ടികയിൽ കർണാടകയെ രാജ്യത്ത് ഒന്നാമതെത്തിച്ച ആസൂത്രണമികവും സിദ്ധരാമയ്യ പ്രകടിപ്പിച്ചു. ധനകാര്യമന്ത്രിയെന്ന നിലയിൽ വിവിധ കാലഘട്ടങ്ങളിൽ 13 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
ദേവഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് 2006ലാണ് ‘അഹിന്ദ’ പ്രസ്ഥാനവുമായി സിദ്ധരാമയ്യ രംഗത്തുവരുന്നത്. കന്നഡയിൽ ന്യൂനപക്ഷത്തെയും (അൽപസംഖ്യതരു), പിന്നാക്ക വിഭാഗങ്ങളെയും (ഹിന്ദുളിതവരു), ദലിതരെയും (ദലിതരു) സൂചിപ്പിക്കുന്നതാണ് ‘അഹിന്ദ’ എന്ന പ്രയോഗം.
അഖിലേന്ത്യ പുരോഗമന ജനതാദളിനെ (എ.ഐ.പി.ജെ.ഡി) പുനരുജ്ജീവിപ്പിച്ച സിദ്ധരാമയ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി. ഇതോടെ കോൺഗ്രസും ബി.ജെ.പിയും സിദ്ധരാമയ്യക്കായി നോട്ടമിട്ടു. ബി.ജെ.പിയുടെ ആദർശവുമായി പൊരുത്തപ്പെടാനാവില്ലെന്ന് വ്യക്തമാക്കി വൻ അനുയായി വൃന്ദവുമായി അദ്ദേഹം ഐ.പി.ജെ.ഡിയെ കോൺഗ്രസിൽ ലയിപ്പിച്ചു.
കോൺഗ്രസിലെത്തിയിട്ട് 17 വർഷമായുള്ളൂവെങ്കിലും 15 വർഷവും നിയമസഭയിൽ പാർട്ടിയുടെ ചുക്കാൻ അദ്ദേഹത്തിന്റെ കൈയിലായിരുന്നു. ബി.ജെ.പി സർക്കാറിന്റെ കാലത്തെ ബെള്ളാരിയിലെ ഖനന അഴിമതികൾ തുറന്നുകാട്ടാൻ ബംഗളൂരുവിൽനിന്ന് ബെള്ളാരിയിലേക്ക് സിദ്ധരാമയ്യ നയിച്ച ‘ബെള്ളാരി ചലോ’ 320 കിലോമീറ്റർ പദയാത്രയാണ് 2013ൽ കോൺഗ്രസിനെ 122 സീറ്റുമായി ഭരണത്തിൽ തിരികെയെത്തിച്ചത്.
അഞ്ചു വർഷവും നാലു ദിവസവും മുഖ്യമന്ത്രി പദവിയിലിരുന്ന സിദ്ധരാമയ്യ 1972ലെ ദേവരാജ് അരശ് സർക്കാറിനുശേഷം കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാറായി. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ൽ ജെ.ഡി-എസും കോൺഗ്രസും ചേർന്ന് സഖ്യ സർക്കാർ രൂപവത്കരിച്ചപ്പോൾ സിദ്ധരാമയ്യ സഖ്യത്തിന്റെ ഏകോപന കമ്മിറ്റി കൺവീനറായി.
അഭിപ്രായ വ്യത്യാസം രൂക്ഷമായ സഖ്യസർക്കാറിനെ ബി.ജെ.പി ഓപറേഷൻ താമരയിലൂടെ വീഴ്ത്തിയതോടെ സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി. നാലു പതിറ്റാണ്ടു നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിടെ ഒമ്പതു തവണ എം.എൽ.എയായി. 2018ൽ വരുണ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചിരുന്നു.
കന്നടയുടെ സിദ്ധു: സിദ്ധരാമയ്യ (75 വയസ്സ്)
- മൈസൂരു വരുണ സിദ്ധരാമനഹുണ്ടിയിലെ കർഷക കുടുംബത്തിൽ 1945ൽ ജനനം
● മൈസൂർ സർവകലാശാലയിൽനിന്ന് ആർട്സിലും നിയമത്തിലും ഇരട്ട ബിരുദം
● ഭാര്യ പാർവതി. മകൻ ഡോ. യതീന്ദ്ര (മുൻ എം.എൽ.എ)
● 1970കളിൽ രാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. കോൺഗ്രസ് വിരുദ്ധനായിരുന്ന അദ്ദേഹം 1975ൽ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്തി.
1983ൽ ലോക്ദൾ പാർട്ടി ടിക്കറ്റിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ജയം.
→ രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാപാർട്ടി സർക്കാറിൽ സെറികൾചർ മന്ത്രി
→ 1985: ഇടക്കാല തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരിയിൽനിന്ന് ജയം. ഹെഗ്ഡെയുടെ ജനതാപാർട്ടി സർക്കാറിൽ മൃഗസംരക്ഷണ മന്ത്രി
→ 1994: ചാമുണ്ഡേശ്വരിയിൽനിന്ന് ജനതാദൾ ടിക്കറ്റിൽ ജയം. ദേവഗൗഡ സർക്കാറിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി
→ 1996-99: ജെ.എച്ച്. പട്ടേൽ സർക്കാറിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി
→ 1999 -2004 : ജനതാദൾ അധ്യക്ഷൻ
→ 2004: ധരംസിങ് സഖ്യസർക്കാറിൽ ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി
→ 2006: ജെ.ഡി-എസ് വിട്ട് എ.ഐ.പി.ജെ.ഡി രൂപത്കരിച്ചു. പിന്നീട് കോൺഗ്രസിൽ ലയിച്ചു
→ 2006: എം.എൽ.എ സ്ഥാനം രാജിവെച്ച് കോൺഗ്രസ് ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പ് ജയം
→ 2008: കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ
→ 2008: നിയമസഭ തെരഞ്ഞെടുപ്പിൽ വരുണയിൽനിന്ന് ജയം
→ 2008-2013: പ്രതിപക്ഷനേതാവ്
→ 2013-2018: മുഖ്യമന്ത്രി
→ 2018- നിയമസഭ തെരഞ്ഞെടുപ്പിൽ ബദാമിയിൽ ജയം; ചാമുണ്ഡേശ്വരിയിൽ തോൽവി
→ 2018-2019: കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിൽ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ
→ 2019- 2023: പ്രതിപക്ഷനേതാവ്
→ 2023: വരുണയിൽനിന്ന് ജയം.
വീണ്ടും മുഖ്യമന്ത്രിപദവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.