മന്ത്രിമാരെ തീരുമാനിക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഇന്ന് ഡൽഹിക്ക്
text_fieldsബംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെയും തിരഞ്ഞെടുത്തതോടെ ഇനി കടമ്പ മന്ത്രിമാരുടെ കാര്യത്തിൽ. മന്ത്രിമാരെ നിശ്ചയിക്കാൻ ഇരുവരും വെള്ളിയാഴ്ച ഡൽഹിക്ക് തിരിക്കും.
കെ.പി.സി.സി ഓഫിസിൽ നടന്ന നിയമസഭകക്ഷി യോഗത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിർദേശിച്ച് ശിവകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐകകണ്ഠ്യേന പാസാക്കി തുടർന്ന് സിദ്ധരാമയ്യ, ശിവകുമാർ അടക്കമുള്ള നേതാക്കൾ രാജ്ഭവനിലെത്തി സർക്കാർ രൂപവത്കരണത്തിന് അവകാശമുന്നയിച്ച് ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ടിന് കത്ത് കൈമാറി.
മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ശിവകുമാറിനെയും ശനിയാഴ്ച സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് ഗവർണർ മറുപടി നൽകി.
മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സാധ്യത പട്ടികയുമായി ഇരുവരും വെള്ളിയാഴ്ച ഡൽഹിയിലെത്തി ഹൈകമാൻഡുമായി ചർച്ച നടത്തും. എം.ബി. പാട്ടീലടക്കം എട്ടോളം പേർ ലിംഗായത്ത് സമുദായത്തിൽനിന്നും ശിവകുമാറിനെ കൂടാതെ കൃഷ്ണബൈരെ ഗൗഡ, ചലുവരായ സ്വാമി തുടങ്ങിയവർ വൊക്കലിഗ വിഭാഗത്തിലുമായി പട്ടികയിലുണ്ട്.
ബ്രാഹ്മണ വിഭാഗത്തിൽനിന്ന് ആർ.വി. ദേശ്പാണ്ഡെയും ദിനേശ് ഗുണ്ടുറാവുവുമാണുള്ളത്. മലയാളി എം.എൽ.എ കെ.ജെ. ജോർജ് ക്രിസ്ത്യൻ പ്രതിനിധിയായി മന്ത്രിസഭയിലുണ്ടാവും. മുസ്‍ലിം വിഭാഗത്തിൽനിന്ന് യു.ടി. ഖാദർ, എൻ.എ. ഹാരിസ്, സമീർ അഹമ്മദ് ഖാൻ, തൻവീർ സേട്ട്, കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.സിയുമായ സലിം അഹമ്മദ് എന്നിവരാണ് പട്ടികയിലുള്ളത്. ഇവരിൽ നാലുപേർക്ക് മന്ത്രിപദവി ലഭിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.