സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു; ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും ശിവകുമാറിന്, സത്യപ്രതിജ്ഞ ശനിയാഴ്ച
text_fieldsന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പ്രേരണക്കു മുന്നിൽ ഡി.കെ. ശിവകുമാർ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളിയതോടെ കർണാടകം സർക്കാർ രൂപവത്കരണത്തിലേക്ക്. സിദ്ധരാമയ്യ മുഖ്യമന്ത്രി; ശിവകുമാർ ഏക ഉപമുഖ്യമന്ത്രി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 12.30ന്. ബി.ജെ.പി വിരുദ്ധ ചേരിയിലെ പാർട്ടി നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിലേക്ക് ക്ഷണം. ഇരട്ട പദവി പാടില്ലെന്ന നയം തടസ്സമാകാതെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശിവകുമാർ പി.സി.സി പ്രസിഡന്‍റായും തുടരും. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണ്ടെന്ന ശിവകുമാറിന്‍റെ ആവശ്യം അംഗീകരിച്ചു. പ്രധാന വകുപ്പുകളും അദ്ദേഹം കൈവശംവെക്കും. സർക്കാറിന്‍റെ രണ്ടാംപകുതിയിൽ മുഖ്യമന്ത്രിസ്ഥാനം വിട്ടുകിട്ടുമെന്ന് ശിവകുമാർ പക്ഷം പറയുന്നുണ്ടെങ്കിലും കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഒടുവിൽ പുലരിവെളിച്ചം
അഞ്ചു ദിവസം നീണ്ട വടംവലി തീർന്നത് വ്യാഴാഴ്ച പുലർച്ചെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം ഉപേക്ഷിക്കാൻ ശിവകുമാർ തീരുമാനിച്ചതോടെ, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ വസതിയിലെത്തി ഇരു നേതാക്കളും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു. കസേരക്കുവേണ്ടിയുള്ള പിടിവലി തുടങ്ങിയശേഷം ഇരുവരും തമ്മിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. തുടർന്ന് ഒരു കാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ.
‘സമവായമാണ് പാർട്ടി നയം’
ശിവകുമാറിനെ അനുനയിപ്പിച്ചതോടെ, സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകാധിപത്യ രീതിയിലല്ല, സമവായത്തിലൂടെ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന പ്രക്രിയ പൂർത്തിയാക്കിയതുകൊണ്ടാണ് കാലതാമസം ഉണ്ടായതെന്ന് വേണുഗോപാലും കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാലയും വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
മുഖ്യമന്ത്രിയാകാൻ ഓരോരുത്തർക്കും ആഗ്രഹമുണ്ടാകും. ഇരുവരും അത് അർഹിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ എം.എൽ.എമാരോടും നെഹ്റുകുടുംബാംഗങ്ങളോടും മറ്റും പാർട്ടി അഭിപ്രായം തേടി. അതത്രയും മുൻനിർത്തി പാർട്ടി അധ്യക്ഷൻ തീരുമാനമെടുത്തു -വേണുഗോപാൽ പറഞ്ഞു.
ബംഗളൂരുവിൽ വൈകീട്ട് നടന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. ചർച്ച കഴിഞ്ഞ് ഡൽഹിയിൽനിന്ന് ചാർട്ടർചെയ്ത പ്രത്യേക വിമാനത്തിലാണ് നേതാക്കൾ ബംഗളൂരുവിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.