കർണാടകയിൽ 'ഓപ്പറേഷൻ താമര'; എം.എൽ.എമാർക്ക് 50 കോടി വാഗ്ദാനം ചെയ്തെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓപ്പറേഷൻ താമരക്കുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യയുടെ പരാമർശം. കോൺഗ്രസ് വിട്ട് പുറത്തേക്ക് വരാൻ എം.എൽ.എമാർക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്നും സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ കോൺഗ്രസ് സർക്കാർ തകരുമെന്ന ബി.ജെ.പി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
കഴിഞ്ഞ ഒരു വർഷമായി അവർ സർക്കാറിനെ തകർക്കാൻ ശ്രമിക്കുകയാണ്. എം.എൽ.എമാർക്ക് 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തു. എന്നാൽ, ശ്രമങ്ങളിൽ അവർ പരാജയപ്പെട്ടുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് പരാജയമുണ്ടായാൽ സർക്കാർ തകരുമോയെന്ന ചോദ്യത്തോട് ഒരിക്കലുമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ഒരിക്കലും സർക്കാർ തകരില്ല. ഞങ്ങളുടെ എം.എൽ.എമാർ പാർട്ടി വിട്ട് പോകില്ല. ഒരു എം.എൽ.എ പോലും കോൺഗ്രസ് വിട്ട് പുറത്തേക്ക് പോകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ കർണാടകയിൽ ഓപ്പറേഷൻ താമര നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ പറഞ്ഞിരുന്നു. 2024ലെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കർണാടകയിൽ ഓപ്പറേഷൻ താമര വരുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും പറഞ്ഞിരുന്നു. ഓപ്പറേഷൻ താമരക്കുള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ടെന്ന ആരോപണം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.