സിദ്ധരാമയ്യ സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ
text_fieldsബംഗളൂരു: വരൾച്ച ദുരിതാശ്വാസത്തിന് തുക അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹരജിയുമായി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരൾച്ച ദുരിതാശ്വാസ തുക കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ഹരജിയിൽ ആരോപിച്ചു.
ഭരണഘടനയുടെ 32ാം വകുപ്പനുസരിച്ചാണ് കേന്ദ്രത്തിനെതിരെ കർണാടക സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. വരൾച്ച ദുരിതാശ്വാസ ഫണ്ട് ഉടൻ അനുവദിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി കോടതി ഫയലിൽ സ്വീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അഞ്ചു മാസമായി തങ്ങൾ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അനുകൂല നടപടിയില്ലെന്ന് കണ്ടപ്പോഴാണ് കേന്ദ്രത്തിനെതിരെ നിയമ യുദ്ധത്തിനിറങ്ങുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് ഇനി കാത്തിരിക്കാനാവില്ല. കർഷകർക്കും ഇനി കാത്തിരിക്കാനാവില്ല. കർഷകർ സബ്സിഡി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
4600 കോടി രൂപ കേന്ദ്രം സബ്സിഡിയായി അനുവദിക്കണം. ദേശീയ ദുരന്തനിവരാണ ഫണ്ടിൽനിന്ന് 18,171 കോടിയാണ് ആകെ ഞങ്ങൾ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച എല്ലാ മാർഗ നിർദേശങ്ങളും കേന്ദ്രം ലംഘിച്ചിരിക്കുകയാണ്. നിയമപരമായ സംഘർഷം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഫണ്ട് ഒരു മാസത്തിനകം അനുവദിക്കണം.
ഞങ്ങളുടെ കർഷകർ ധർമസങ്കടത്തിലാണ്. അവർക്കുവേണ്ടിയാണ് ഈ നിയമപോരാട്ടം. നിയമപ്രകാരം,നഷ്ട പരിഹാരം നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. 4.3 ലക്ഷം കോടി രൂപയാണ് നികുതിയായി കർണാടക കേന്ദ്രത്തിലേക്ക് അടക്കുന്നത്. ഞങ്ങളുടെ നികുതിപ്പണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് ഞങ്ങളുടെ അവകാശമാണ്. കേന്ദ്രത്തോട് യാചിക്കേണ്ട സാഹചര്യമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വെറുതെ നികുതി കൊടുക്കാനല്ല ഞങ്ങൾ ഇവിടെയിരിക്കുന്നത്. കേന്ദ്രസർക്കാറും സം സ്ഥാന സർക്കാറും കേന്ദ്ര ഭരണപ്രദേശങ്ങളും എല്ലാം ഭരണഘടനയുടെ ചരടിൽ കോർത്തിരിക്കുന്നവയാണ്. കർണാടകക്കു നേരെ കേന്ദ്രം അനീതി കാണിച്ചിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും നേരിൽകണ്ടിരുന്നു.
ഡിസംബർ 23ന് ഒരു യോഗം ചേരുന്നുണ്ടെന്നും ഫണ്ട് അനുവദിക്കാമെന്നുമാണ് അറിയിച്ചത്. എന്നാൽ, അവർ ഇതുവരെ കർണാടകക്ക് ഫണ്ട് അനുവദിച്ചിട്ടില്ല- സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.