തനിക്കുനേരെ നടന്ന ആക്രമണം ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കഴിഞ്ഞമാസം തനിക്കുനേരെ കുടകിൽ ആക്രമണമുണ്ടായത് ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ചൊവ്വാഴ്ച നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടക് ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന്റെ ചുറ്റുമതിൽ പുതുതായി സ്ഥാപിച്ചതിൽ വൻ അഴിമതിയുണ്ടെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകരെ കാണാനായാണ് താൻ കുടകിൽ പോയത്. ഒപ്പം തകർന്ന ചുറ്റുമതിൽ സന്ദർശിക്കാനും. ഏഴു കോടി രൂപ ചെലവഴിച്ചാണ് മതിൽ പണിതത്. എന്നാൽ, അതു സന്ദർശിക്കാൻ പോയ എന്റെ വാഹനത്തിനുനേരെ രണ്ടിടങ്ങളിൽ കരിങ്കൊടികളുയർത്തുകയും ചീമുട്ടയെറിയുകയും ചെയ്തു. കുടകിൽനിന്നുള്ള എം.എൽ.എമാരെ സൂചിപ്പിച്ച് 'നിങ്ങളാണിത് ചെയ്തതെന്ന്' സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ഇത്തരം ഗൂഢാലോചനകൊണ്ടൊന്നും ഞങ്ങൾ ഭയപ്പെടില്ല. ആ ചെയ്തത് വല്യ കാര്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അതുപോലെ ഞങ്ങൾക്കും നിങ്ങളോട് ചെയ്യാൻ കഴിയില്ലേ? സംസ്ഥാനത്തു മുഴുവൻ അതുപോലെ തിരിച്ചടിക്കാൻ ഞങ്ങൾക്കു കഴിയുമെന്നും എന്നാൽ അതു ശരിയല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. പ്രതിഷേധക്കാർ മുട്ടയേറ് നടത്തുമ്പോൾ പൊലീസ് ഒന്നും ചെയ്തില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
സിദ്ധരാമയ്യ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടതിലുള്ള പ്രതിഷേധമാണ് കുടകിൽ നടന്നതെന്ന് മടിക്കേരി എം.എൽ.എ അപ്പാച്ചു രഞ്ജൻ പ്രതികരിച്ചു. എന്നാൽ, പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായ ടിപ്പുവിന്റെ ചരിത്രത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാമെന്ന് സിദ്ധരാമയ്യ തിരിച്ചുചോദിച്ചു. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ 2013ൽ ബി.ജെ.പി വിട്ടശേഷം ടിപ്പുവിന്റേതുപോലുള്ള തലപ്പാവ് ധരിക്കുകയും വാളേന്തുകയും ചെയ്തത് സിദ്ധരാമയ്യ സഭയെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.