മോദി കന്നഡിഗരുടെ അന്നം മുടക്കുന്നെന്ന് സിദ്ധരാമയ്യ; ‘അന്ന ഭാഗ്യ’ യോജനക്ക് കേന്ദ്രം തുരങ്കംവയ്ക്കുന്നു
text_fieldsമോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കംവയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചത്. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകക്ക് അരി വിൽക്കുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു.
‘എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക് 10 കിലോ സൗജന്യ അരി നൽകുന്നതിനെതിരുനിൽക്കുന്നത്. എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നത്? ബി.ജെ.പി എന്നും കർണാടക വിരുദ്ധരാണ്. 2014 മുതൽ ഞങ്ങൾ ഇത് പറയുന്നുണ്ട്. കർണാടകയോടുള്ള നരേന്ദ്രമോദിയുടെ ചിറ്റമ്മ സമീപനം 2014 മുതൽ കന്നഡിഗരെ കുഴപ്പത്തിലാക്കുന്നുണ്ട്’-സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
‘തങ്ങളെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ എല്ലാ പദ്ധതികളും നിർത്തലാക്കുമെന്ന് ബി.ജെ.പി നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് കന്നഡക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. എഫ്‌സിഐക്കുള്ള ഈ കത്ത് അതിന്റെ ഫലമാണോ?’-സിദ്ധരാമയ്യ ചോദിക്കുന്നു.
നേരത്തേ ബി.ജെ.പി സമർപ്പിച്ച മാനനഷ്ടക്കേസിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്ക് സമൻസ് അയച്ചിരുന്നു. കോൺഗ്രസ് ഉയർത്തിയ ‘40 ശതമാനം കമ്മിഷൻ’ ആരോപണത്തിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കേശവ്പ്രസാദാണ് പരാതി നൽകിയത്. ബി.ജെ.പി സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്നുവെന്നും 1.5 ലക്ഷം കോടി രൂപ നാല് വർഷം കൊണ്ട് അഴിമതിയിലൂടെ കൈക്കലാക്കിയെന്നും മേയ് അഞ്ചിന് നൽകിയ പത്ര പരസ്യത്തിൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.