'പാപ്പരാകുമെന്ന് പറഞ്ഞ സംസ്ഥാനം ശക്തമായി വളർന്നു; വാക്ക് തെറ്റിച്ചത് നിങ്ങൾ'; മോദിയെ വിമർശിച്ച് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തങ്ങൾ നൽകിയ അഞ്ച് വാഗ്ദാനങ്ങളും കോൺഗ്രസ് നടപ്പാക്കിയിട്ടുണ്ടെന്നും പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനം പാപ്പരാകുമെന്ന മോദിയുടെ പരാമർശം തെറ്റാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മോദി സാമ്പത്തിക വിദഗ്ദനായിരുന്നോ? കോൺഗ്രസ് മുന്നോട്ടുവെച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പിലാക്കിയാൽ സംസ്ഥാനം പാപ്പരാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കിയതോടെ സംസ്ഥാനം സാമ്പത്തികമായി ശക്തമായി വളർന്നുവെന്നതാണ് യാഥാർത്ഥ്യം. വാഗ്ദാനം ചെയ്തതുപോലെ പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? 10 വർഷത്തിനുള്ളിൽ നിങ്ങൾ 20 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതായിരുന്നു. ഇത്രയധികം തൊഴിലവസരങ്ങൾ മോദി സർക്കാർ സൃഷ്ടിച്ചിട്ടുണ്ടോ? നിങ്ങൾ നൽകിയ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടു," സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'യുവ നിധി'യുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. 2022-23 അധ്യയന വർഷത്തിൽ വിജയിച്ച ബിരുദധാരികൾക്ക് 3,000 രൂപയും ഡിപ്ലോമ ഹോൾഡർമാർക്ക് 1,500 രൂപയും വാഗ്ദാനം ചെയ്യുന്നതായിരുന്നു പദ്ധതി.
2024 ജനുവരി 12ന് വിവേകാനന്ദ ജയന്തി മുതൽ ആനുകൂല്യ വിതരണം ആരംഭിക്കുമെന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്താൻ സർക്കാർ ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.