അധികാരമേറ്റു; കർണാടകയിൽ ഇനി സിദ്ധ-ശിവ യുഗം
text_fieldsബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്.
മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഇവർക്കു ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ദലിത് നേതാവ് കെ.എച്ച് മുനിയപ്പയും അധികാരമേറ്റു. ജാതി-മത പ്രാതിനിധ്യത്തിന് തുല്യ പരിഗണന നൽകിയുള്ള സർക്കാരാണ് കർണാടകയിൽ അധികാരമേറ്റത്. മലയാളിയും മുൻ ആഭ്യന്തരമന്ത്രിയുമായ കെ.ജെ. ജോർജ്, ലിങ്കായത്ത്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് എം.ബി. പാട്ടീൽ, മുസ്‍ലിം വിഭാഗത്തിന്റെ പ്രതിനിധിയായി സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിപദത്തിൽ 75 കാരനായ സിദ്ധരാമയ്യക്ക് രണ്ടാമൂഴമാണിത്. കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. ബി.ജെ.പിയെ 66 സീറ്റുകളിലൊതുക്കി 136 സീറ്റുമായാണ് ഇക്കുറി കോൺഗ്രസ് കർണാടകയിൽ അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം നിലനിന്നിരുന്നു. ചർച്ചകൾക്കൊടുവിൽ പ്രായവും പരിചയ സമ്പത്തും കണക്കിലെടുത്ത് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്കു തന്നെ നൽകുകയായിരുന്നു. പാർട്ടി തീരുമാനം അംഗീകരിച്ച ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന്റെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്കയും രാഹുലും വേദിയിലുണ്ടായിരുന്നു.
രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ-പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപപ്പെടുത്താനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് കർണാടകയിലെ വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുന്നത്.
34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കും. മന്ത്രിസഭയിലും ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും ജാതി- മത പ്രാതിനിധ്യത്തിന് തുല്യപരിഗണന നൽകാനാണ് കോൺഗ്രസ് തീരുമാനം. ആർ.വി. ദേശ്പാണ്ഡെ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ, ടി.ബി. ജയചന്ദ്ര, എച്ച്.സി. മഹാദേവപ്പ, ലക്ഷ്മി ഹെബ്ബാൾക്കർ, ചലുവരായ സ്വാമി, യു.ടി. ഖാദർ, തൻവീർസേട്ട്, എൻ.എ. ഹാരിസ്, ബി.കെ. ഹരിപ്രസാദ്, സലിം അഹമ്മദ് തുടങ്ങിയവരും പട്ടികയിൽ മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.