രണ്ടര വർഷമല്ല, അഞ്ചുവർഷവും സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് കർണാടക മന്ത്രി എം.ബി പാട്ടീൽ
text_fieldsബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുഖ്യമന്ത്രി പദവി പങ്കുവെക്കുമെന്ന് കരാറുണ്ടാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ എം.ബി പാട്ടീൽ. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും നിയമിച്ചു. എന്നാൽ ഇവർ തമ്മിൽ ടേം അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാക്കാമെന്ന് തീരുമാനിച്ചിട്ടില്ല. ഹൈകമാൻഡുമായുള്ള ചർച്ചകളിലൊന്നും അത്തരമൊരു നിർശേദം മുന്നോട്ടുവെച്ചിട്ടില്ലെന്നും എം.ബി പാട്ടീൽ പറഞ്ഞു.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറുമായി അധികാരം പങ്കുവെക്കലില്ല. ഹൈകമാന്റ് അത്തരമൊരു വിവരം ഞങ്ങളുമായി പങ്കുവെച്ചിട്ടില്ല. അത്തരം പദ്ധതികളുണ്ടെങ്കിൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഞങ്ങളോട് പറയും. അടുത്ത അഞ്ചു വർഷവും സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രി - സിദ്ധരാമയ്യയുടെ വിശ്വസ്തൻ കൂടിയായ പാട്ടീൽ വ്യക്തമാക്കി.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും 2.5 വർഷം വീതം മുഖ്യമന്ത്രിയാകുമെന്ന് സംസാരമുണ്ടായിരുന്നു. അതേസമയം, 2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ഫലം കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ബാധിക്കുമെന്നും പൊതു തെരഞ്ഞെടുപ്പിൽ നല്ല നേട്ടം കൊയ്യാനായാൽ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാനാകുമെന്നുമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധരുടെ ഉപദേശമാണ് ഡി.കെയുടെ പിടിവാശിയെ ഒതുക്കിയതെന്നും റിപ്പോർട്ടുണ്ട്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 224 സീറ്റുകളിൽ 135 സീറ്റുകളിൽ ജയിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറിയത്.
എന്നാൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിന് വാശിപിടിക്കുകയായിരുന്നു. അഞ്ചു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ഹൈകമാന്റിന്റെ ഇടപെടലിനൊടുവിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുകയും സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയുമായിരുന്നു. ഡി.കെക്ക് ഉപമുഖ്യമന്ത്രി പദമാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.