പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സിദ്ധരാമയ്യയുടെ കത്ത്
text_fieldsബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചാണ് ജെ.ഡി.എസ് എം.പിയായ പ്രജ്വൽ രാജ്യം വിട്ടതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വൽ രേവണ്ണ (33) പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബിജയ് കുമാർ സിങ്, എ.ഐ.ജി സുമൻ ഡി. പെന്നേക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കർ എന്നിവരടങ്ങുന്നതാണ് എസ്.ഐ.ടി.
ഏഴ് ദിവസത്തിനകം എസ്.ഐ.ടി മുമ്പാകെ ഹാജരാവാമെന്ന് പ്രജ്വൽ രേവണ്ണ
ബംഗളൂരു: ഏഴ് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാവാമെന്ന് ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ എസ്.ഐ.ടിയെ അറിയിച്ചു. അഭിഭാഷകൻ മുഖേനയാണ് വിവരം കൈമാറിയത്. കത്ത് എക്സിൽ പങ്കുവെച്ച പ്രജ്വൽ സത്യം വൈകാതെ പുറത്തുവരുമെന്നും കുറിച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ച കത്തയച്ചിരുന്നു.
പ്രജ്വൽ കർണാടയിൽ ഏത് മാർഗത്തിൽ എത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. എന്നാൽ, കോൺഗ്രസ് നേതാക്കളിൽ പലരുടെയും ഉറ്റ മിത്രമായ പ്രജ്വലിന്റെ കാര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാണെന്ന സന്ദേഹവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.