മന്ത്രിമാർക്കായി 10 കോടി ചെലവിട്ട് 33 പുതിയ കാറുകൾ വാങ്ങാൻ അനുമതി നൽകി സിദ്ധരാമയ്യ
text_fieldsബംഗളൂരു: മന്ത്രിമാർക്കായി 33 പുതിയ കാറുകൾ വാങ്ങാൻ 10 കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എന്നാൽ, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ വലിയ തുക ചെലവിട്ട് മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങുന്നതിനെതിരെ വിമർശനവുമുയർന്നു കഴിഞ്ഞു.
ടൊയോട്ട ഇന്നോവയുടെ ഹൈബ്രിഡ് എസ്.യു.വിയായ ഹൈക്രോസ് വാഹനമാണ് മന്ത്രിമാർക്കായി വാങ്ങുന്നത്. 30 ലക്ഷമാണ് വാഹനത്തിന് വില വരുന്നത്. 33 കാറുകൾ വാങ്ങാനായി 9.9 കോടി രൂപ വകയിരുത്തിയാണ് ഉത്തരവായത്.
അതേസമയം, കാറുകൾ വാങ്ങാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽ തെറ്റില്ലെന്നും മന്ത്രിമാർക്ക് ദിവസവും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അവരുടെ സുരക്ഷ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ മന്ത്രിമാർ ചാർട്ടർ ചെയ്ത വിമാനങ്ങളും ഹെലികോപ്റ്ററുകളും വരെ ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. 2020ൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ കാലത്താണ് അവസാനമായി കാർ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.