'കുബാസുര കുടിനീർ' കോവിഡിനെ പ്രതിരോധിക്കുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: 'കുബാസുര കുടിനീർ' എന്ന സിദ്ധ മരുന്ന് കോവിഡിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സൊനോവാൾ ലോക്സഭയെ അറിയിച്ചു. ഹോമിയോ, സിദ്ധ ഔഷധങ്ങൾക്ക് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമോയെന്ന കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വ്യത്യസ്ത ഔഷധസസ്യങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ആയുർവേദ മരുന്നായ ആയുഷ് 64, സിദ്ധ ഔഷധമായ കുബാസുര കുടിനീർ എന്നിവ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലാത്ത ബഹു ഭുരിപഷം വരുന്ന കോവിഡ് രോഗികൾക്കും പ്രയോജനപ്രദമെന്നു തെളിയിക്കപ്പെട്ടതായി ആയുഷ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയുടെ വിതരണത്തിനായി ആയുഷ് മന്ത്രാലയം രാജ്യവ്യാപക കാമ്പയിനും കഴിഞ്ഞ വർഷം നടത്തിയിരുന്നു. സേവാ ഭാരതിക്കായിരുന്നു ഇതിന്റെ വിതരണച്ചുമതല.
ഈ മരുന്നുകളുടെ ഫലപ്രാപ്തി ബഹുമുഖ ക്ലിനിക്കൽ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ആയുഷ് സഹമന്ത്രി കിരൺ റിജിജുവാണ് ഇവയുടെ വിതരണ ക്യാമ്പയിന് തുടക്കം കുറിച്ചത്.
കടുത്ത രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളുടെ പരിചരണത്തിൽ ആയുഷ് 64 ന്റെ സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തുന്നതിനായി ആയുഷ് മന്ത്രാലയവും ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലും (സി.ഐ.എസ്.ആർ) സംയുക്തമായാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (സിസിആർഎസ്)യാണ് സിദ്ധ ഔഷധമായ കുബാസുര കുടിനീരിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്. മിതമായതും കടുത്ത രോഗ ലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് രോഗികൾക്ക് ഈ മരുന്ന് ഫലപ്രദമാണെന്നാണ് ഇവരുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.