നമുക്ക് നഷ്ടമായ ‘ദേശീയ നിധി’; എ.ജി നൂറാനിയുടെ ഓർമകൾ പങ്കുവെച്ച് സിദ്ധാർഥ് വരദരാജൻ
text_fieldsഅന്തരിച്ച നിയമജ്ഞൻ എ.ജി നൂറാനിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ‘ദി വയർ’ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ. ഈ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും മികച്ച നിയമ പണ്ഡിതനും ചരിത്രകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനും മനുഷ്യാവകാശ സംരക്ഷകനുമായ ഒരാളെയാണ് നഷ്ടമായതെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഇന്ത്യയുടെ നയതന്ത്ര ചരിത്രം, ജമ്മു-കശ്മീർ പ്രശ്നം, ഇന്ത്യൻ ഭരണഘടന തുടങ്ങി പലതിന്റെയും സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നു അദ്ദേഹം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നുവെങ്കിലും സുപ്രീംകോടതിയുടെ ബാബരി മസ്ജിദ് വിധിയെക്കുറിച്ച് പൂർത്തിയാക്കാനാഗ്രഹിച്ച ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും നൂറാനിയെപ്പോലെ പാണ്ഡിത്യമുള്ള നിയമജ്ഞനെ ആദരണീയമായ ദേശീയ നിധിയായി കണക്കാക്കുമായിരുന്നെന്നും സിദ്ധാർഥ് വരദരാജൻ കൂട്ടിച്ചേർത്തു.
സിദ്ധാർഥ് വരദരാജന്റെ പോസ്റ്റിന്റെ പൂർണരൂപം:
മഹാനായ എ.ജി. നൂറാനി ഇനി നമുക്കൊപ്പമില്ല. സുഹൃത്തുക്കൾ ഗഫൂർ എന്നുവിളിച്ചിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചക്ക് ബോംബെയിൽ വെച്ചാണ് വിടവാങ്ങിയത്. ആ സുഹൃദ്‍വലയത്തിൽ ഉൾപ്പെട്ടിരുന്നുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നുവെങ്കിലും സുപ്രീംകോടതിയുടെ ബാബരി മസ്ജിദ് വിധിയെക്കുറിച്ച് പൂർത്തിയാക്കാനാഗ്രഹിച്ച ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു.
ഈ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും മികച്ച നിയമ പണ്ഡിതനും ചരിത്രകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനും മനുഷ്യാവകാശ സംരക്ഷകനുമായ ഒരാളെയാണ് നമുക്ക് നഷ്ടമായത്. ഇന്ത്യയുടെ നയതന്ത്ര ചരിത്രം, ജമ്മു-കശ്മീർ പ്രശ്നം, ഇന്ത്യൻ ഭരണഘടന തുടങ്ങി പലതിന്റെയും സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നു അദ്ദേഹം. കശ്മീർ, ഇന്ത്യ-ചൈന ബന്ധം, ഹൈദരാബാദ്, മൗലികാവകാശങ്ങൾ, ബാബരി മസ്ജിദ്, ഹിന്ദുത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളോരോന്നും ക്ലാസിക്കുകളായിരുന്നു. കണ്ടെത്താൻ പ്രയാസമുള്ള ഔദ്യോഗിക രേഖകളുടെയും മികച്ച ഭക്ഷണത്തിന്റെയും പര്യവേക്ഷകനായിരുന്ന അദ്ദേഹം പഴയ ഡൽഹിയിൽ ഗോലാ കബാബോ ഖുർമയോ തേടിപ്പോകുമ്പോൾ ഒന്നിലധികം തവണ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും കടുംപിടിത്തമുള്ള വ്യക്തിയായിരുന്നു നൂറാനി. ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ അദ്ദേഹത്തിന് 38ാം നമ്പർ മുറിതന്നെ കിട്ടണം, മറ്റൊന്നും പറ്റില്ല. നിങ്ങളെ ഉച്ചഭക്ഷണത്തിന് കാണാമെന്ന് പറഞ്ഞാൽ മൂന്നാമതൊരാളെക്കൂടെ കൂട്ടാനോ മേശക്കരികിൽ ഒരു നിമിഷംപോലും നിൽക്കാനോ അദ്ദേഹം അനുവദിക്കില്ല. മോശമായ, അനുചിതമായ, അശ്രദ്ധമായ പെരുമാറ്റങ്ങളോട് ഒട്ടുമേ സഹിഷ്ണുതയില്ലായിരുന്നു. ആരെങ്കിലും ആ പരിധികടന്നാൽ അവരെ ജീവിതത്തിൽനിന്നുതന്നെ എന്നെന്നേക്കുമായി ബഹിഷ്കരിക്കും. ഗഫൂർ അത്തരത്തിൽ മാറ്റിനിർത്തിയ ചില മുതിർന്ന പത്രപ്രവർത്തകരെയും പണ്ഡിതരെയും എനിക്കറിയാം. അതിലൊരാൾക്കുവേണ്ടി ഒരിക്കൽ മധ്യസ്ഥത പറയാൻ പോയിട്ടും ഫലമുണ്ടായില്ല.
ഹൃദയത്തിൽ കശ്മീരിന് പ്രത്യേക സ്ഥാനം കൽപിച്ച അദ്ദേഹം അഭിഭാഷകനെന്ന നിലയിൽ ശൈഖ് അബ്ദുല്ലക്കു വേണ്ടി വാദിക്കുകയും എഴുത്തുകാരൻ, ഭരണഘടന പ്രവർത്തകൻ എന്നീ നിലകളിൽ കശ്മീർ പ്രശ്‌നത്തിന് മാന്യവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിന് പരമാവധി ശ്രമിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും നൂറാനിയെപ്പോലെ പാണ്ഡിത്യമുള്ള നിയമജ്ഞനെ ആദരണീയമായ ദേശീയ നിധിയായി കണക്കാക്കുമായിരുന്നു.
എന്നാൽ ഇന്ത്യയിൽ, അദ്ദേഹത്തിന്റെ മൂർച്ചയുള്ള നാവും മൂർച്ചയുള്ള പേനയും അദ്ദേഹത്തിന് എല്ലാ വശങ്ങളിലും (പ്രത്യേകിച്ച് ‘ഭരണവ്യവസ്ഥയുടെ, അത് ഏത് പാർട്ടി ഭരിക്കുമ്പോഴുമതേ) നിരവധി ശത്രുക്കളെയുണ്ടാക്കിക്കൊടുത്തു. അവസാനമായപ്പോൾ, എഴുതാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾക്കായി തന്റെ സർവ ഊർജവും ചെലവഴിക്കാൻ രണ്ടുവർഷം മുമ്പ് അനാരോഗ്യം അദ്ദേഹത്തെ നിർബന്ധിതനാക്കും വരെ അദ്ദേഹത്തിന്റെ രചനകൾ ഇന്ത്യയിലെ ഫ്രണ്ട് ലൈനിലും പാകിസ്താനിലെ ഡോണിലും (രണ്ടും മികച്ച പ്രസിദ്ധീകരണങ്ങൾ) മാത്രമായി ഒതുങ്ങി.
ശതാബ്ദി തികക്കണമെന്ന് നാം ആഗ്രഹിച്ചിരുന്നെങ്കിലും 94ാം വയസ്സിൽ അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. പ്രിയപ്പെട്ട ഗഫൂർ ഭായ്, താങ്കളുടെ അഭാവം ഞങ്ങൾക്കിടയിൽ വല്ലാതെ നിഴലിക്കുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.