ബംഗാളിലെ പാണക്കാട് തങ്ങളാകാൻ സിദ്ദീഖിക്കാവില്ല
text_fieldsകൊൽക്കത്ത: ''2011ൽ മുസ്ലിംകളാണ് തങ്ങളെ തോൽപിച്ചതെന്ന് ബംഗാളിലെ കമ്യൂണിസ്റ്റുകൾക്ക് നന്നായറിയാം. അന്ന് പോയ മുസ്ലിം വോട്ടുകൾ തിരിച്ചുപിടിക്കാൻ കമ്യൂണിസ്റ്റുകൾക്ക് കിട്ടിയ ഇരയാണ് അബ്ബാസ് സിദ്ദീഖി''. ബംഗാളിലെ സൂഫി ത്വരീഖത്തായ ഫുർഫുറ ശരീഫിൽ തന്നെയുള്ള മുഫ്തി അബ്ദുൽ മതീെൻറ വാക്കുകൾ. കൊൽക്കത്ത, ഹുബ്ലി, വടക്കും തെക്കും 24 പർഗാനകൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന ഓൾ ഇന്ത്യ സുന്നത്തുൽ ജമാഅത്ത് സെക്രട്ടറിയാണ് മുഫ്തി അബ്ദുൽ മതീൻ.
കേരളത്തിലെ മത വിദ്യാഭ്യാസസ്ഥാപനങ്ങൾ സന്ദർശിച്ച അബ്ദുൽ മതീൻ നോർത് ചൗബീസ് പർഗാനയിൽ അതേ മാതൃകയിൽ നിരവധി വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കമിടുകയും അതിെൻറ അക്കാദമിക മികവിനായി മലയാളിയെ തന്നെ അമരത്ത് വെക്കുകയും ചെയ്തു. നൂറോളം ബംഗാൾ ഗ്രാമങ്ങളിൽ അബ്ദുൽ മതീെൻറ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് കഴിഞ്ഞ ആറ് വർഷമായി ചുക്കാൻ പിടിക്കുന്നത് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ മൻസൂർ ഹുദവിയാണ്.
അബ്ബാസ് സിദ്ദീഖിയുടെ പിതാവിെൻറ പിതാമഹനായ ഹസ്രത്ത് അബൂബക്കർ സിദ്ദീഖ് എന്ന സൂഫി വര്യൻ ബംഗാളിൽ വന്ന ശേഷം അദ്ദേഹത്തെ പിൻപറ്റുന്നവർ ആരംഭിച്ച ത്വരീഖത്താണ് ഫുർഫുറ ശരീഫ്.
ആത്മീയ ലക്ഷ്യം മുൻ നിർത്തി അബൂബക്കർ സിദ്ദീഖിെൻറ പിന്മുറക്കാർ തുടർന്നുവന്നിരുന്ന 'ജൽസ'കളിൽ നിന്ന് ഭിന്നമായി ഓരോ മതചടങ്ങിനും അബ്ബാസ് സിദ്ദീഖിയുടെ പിതാവ് ഫീസ് 10,000ഉം 15,000ഉം ഫീസ് ഈടാക്കാൻ തുടങ്ങിയതോടെയാണ് ഫുർഫുറ ശരീഫിൽ അഭിപ്രായ ഭിന്നത ഉടലെടുത്തതെന്ന് അബ്ദുൽ മതീൻ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ പ്രസിഡൻറ് സാബിർ ഗഫാർ അബ്ബാസ് സിദ്ദീഖിയുടെ സഹോദരനെയും കൊണ്ട് നടത്തിയ കേരള യാത്രയാണ് അദ്ദേഹത്തിെൻറ രാഷ്ട്രീയ പ്രവേശനത്തിന് കാരണമായതെന്ന് അബ്ദുൽ മതീൻ പറഞ്ഞു.
തുടർന്ന് പാണക്കാട് കുടുംബത്തെ കുറിച്ചും മുസ്ലിംലീഗിൽ ആ കുടുംബത്തിനുള്ള സ്വാധീനവും മനസ്സിലാക്കി ബംഗാളിൽ മുസ്ലിംകൾക്ക് ഒരു പാർട്ടിയുണ്ടാക്കി ഫുർഫുറ ശരീഫിനെ പാണക്കാട് കുടുംബം പോലെയാക്കുകയാണ് തെൻറ ലക്ഷ്യമെന്നും സിദ്ദീഖി പറഞ്ഞു. അങ്ങനെയാണ് ഐ.എസ്.എഫ് ഉണ്ടാക്കുന്നത്.
ഇസ്ലാം വിരുദ്ധ ഫത്വ പുറപ്പെടുവിച്ചതിന് പത്ത് വർഷം മുമ്പ് വിവാദത്തിലായ ആളാണ് അബ്ബാസ് സിദ്ദീഖിയെന്നും അദ്ദേഹത്തിനൊരിക്കലും പാണക്കാട് തങ്ങളാകാനോ ബംഗാളിൽ മറ്റൊരു മുസ്ലിംലീഗ് ഉണ്ടാക്കാനോ കഴിയില്ലെന്നും അബ്ദുൽ മതീൻ തുടർന്നു. അല്ലാഹുവും പ്രവാചകൻ മുഹമ്മദ് നബിയും ഒന്നു തന്നെയാണ് എന്നായിരുന്നു അബ്ബാസ് സിദ്ദീഖിയുടെ വിവാദ ഫത്വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.