പി.എം.എൽ.എ കേസിൽ തുടർ നടപടിക്ക് സിദ്ദീഖ് കാപ്പന് അനുമതി
text_fieldsന്യൂഡൽഹി: പി.എൽ.എം.എ കേസിൽ തുടർ നടപടിക്ക് സിദ്ധിഖ് കാപ്പന് അനുമതി. സിദ്ദീഖ് കാപ്പനെ വിചാരണ കോടതി മുമ്പാകെ മുന്ന് ദിവസത്തിനകം ഹാജരാക്കുകയും ജാമ്യത്തിൽ വിടുകയും വേണമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ കള്ളപ്പണം തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഒരു കേസ് കൂടി എടുത്തതിനാൽ അതിലെ തുടർ നടപടികൾക്ക് അനുവദിക്കണമെന്ന സിദ്ദീഖ് കാപ്പന്റെ ആവശ്യവും ബെഞ്ച് അംഗീകരിച്ചു. ഹാഥ്റസ് യാത്രാ കേസിലെ നടപടിക്ക് ശേഷം കള്ളപ്പണം തടയൽ നിയമം (പി.എം.എൽ.എ) പ്രകാരമുള്ള കേസിൽ ജാമ്യനടപടികളിലേക്ക് കടക്കാമെന്ന് ബെഞ്ച് ഉത്തരവിൽ കൂട്ടിച്ചേർത്തു. അതിന് കൂടി സഹായകരമായ തരത്തിൽ ഡൽഹി നഗരത്തിൽ എവിടെയും പോകാനും കാപ്പന് സുപ്രീംകോടതി സ്വാതന്ത്ര്യം നൽകി. 2018നും 2019നും ഇടയിലുള്ള പണ ഇടപാടുകളെല്ലാം തങ്ങൾ രേഖകളായി സമർപ്പിച്ചിട്ടുണ്ടെന്ന് സിബൽ ബോധിപ്പിച്ചിരുന്നു.
സിദ്ദീഖ് കാപ്പന് ജാമ്യം നൽകുമെന്നും ഉപാധികൾ എന്താണ് യു.പി സർക്കാർ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ നേരത്തെ മാപ്പു സാക്ഷിയുടെ കാര്യം സൂചിപ്പിച്ച യു.പി സർക്കാർ കേസിൽ തങ്ങൾ പ്രതിയാക്കാത്ത ഒരാൾ ഒരു പ്രധാന സാക്ഷിയാണെന്നും അദ്ദേഹത്തിന് ഭീഷണിയുണ്ടായേക്കാമെന്നും മഹേഷ് ജത്മലാനി പറഞ്ഞു.
സിദ്ദീഖ് കാപ്പൻ കേരളക്കാരനാണെന്നും ജാമ്യത്തിൽ കേരളത്തിലേക്ക് വിടണമെന്നും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ സമ്പർക്കത്തിൽ നിൽക്കാമെന്നും മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ യു.പി സർക്കാർ ശക്തമായി എതിർത്തു. എങ്കിൽ കാപ്പൻ പ്രവർത്തിച്ച ഡൽഹിയിൽ ആകാമെന്ന് സിബൽ പറഞ്ഞപ്പോൾ ഒരു പി.എഫ്.ഐക്കാരനുമായും ബന്ധപ്പെടാതെ ഡൽഹിയിൽ നിൽക്കണമെന്ന ഉപാധിയും യു.പി അഭിഭാഷകൻ മുന്നോട്ടുവെച്ചു.
കാപ്പന് ഡൽഹിയിലായിരുന്നു ജോലിയെന്നും മൂന്നു മക്കളുണ്ടെന്നും മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലെന്നും സിബൽ ഓർമിപ്പിച്ചു. ഇതേ തുടർന്ന് അടുത്ത ആറ് ആഴ്ച ഡൽഹിയിൽ നിൽക്കണമെന്നും ആറാഴ്ച കഴിഞ്ഞ് കേരളത്തിൽ പോകാമെന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിന് ഉപാധികൾ വെച്ചു. അദ്ദേഹം താമസിച്ചിരുന്ന ഡൽഹി ജംഗ്പുര ഉൾക്കൊള്ളുന്ന സ്റ്റേഷൻ വിട്ടുപോകരുത്. ഡൽഹിയിലെ ആറാഴ്ച താമസം കൊണ്ട് അന്വേഷണത്തിന് കാപ്പന്റെ ആവശ്യമുണ്ടോ എന്ന് വ്യക്തമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റു പ്രതികൾക്ക് ഈ വിധി കീഴ്വഴക്കമാകരുത് എന്ന ആവശ്യം അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.