സിദ്ദീഖ് കാപ്പെൻറ അറസ്റ്റ്; യു.പി സർക്കാറിനും പൊലീസിനും സുപ്രീം കോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഹാഥറസ് സംഭവം റിപോർട്ട് ചെയ്യാൻ പോകുന്നതിനിടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറസ്റ്റിലായ നടപടിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാറിനും യു.പി പൊലീസിനും നോട്ടീസ് അയച്ചു.
തിങ്കളാഴ്ച കേരള പത്രപ്രവർത്തക യൂനിയൻ സർമിച്ച ഹരജിയിലാണ് സുപ്രീംകോടതി അറസ്റ്റിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് യു.പി സര്‍ക്കാറിനും പൊലീസിനും നോട്ടീസ് അയച്ചത്.
എഫ്.ഐ.ആറിൽ കാപ്പനെതിരായ ഒരു കുറ്റവുമില്ലെന്നും ജയിലിൽ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും കെ.യു.ഡബ്ല്യു.ജെ വാദിച്ചു. യു.പി സർക്കാറിനും പൊലീസിനും പറയാനുള്ള കാര്യം കേട്ട ശേഷം തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച പരമോന്നത നീതിപീഠം ആവശ്യമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി നൽകണമെന്നും ഹരജയിൽ ആവശ്യപ്പെട്ടിരുന്നു.
മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്. പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം നൽകിയ ഹർജിയിൽ ഹാജരായത്.
മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പെൻറ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഹരജിയില്‍ സുപ്രിം കോടതിയെ അറിയിച്ചു. തടവുകാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. മതവിദ്വേഷം വളർത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാർത്തുകയും ചെയ്തു. അറസ്റ്റിലായി ഒരു മാസമായിട്ടും അഭിഭാഷകരെ കാണാൻ പോലും ഇവരെ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.