സിദ്ദീഖ് കാപ്പൻ ഇന്ന് മോചിതനാകും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ വ്യാഴാഴ്ച ജയിൽ മോചിതനാകും. ജാമ്യനടപടികൾ പൂർത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ബുധനാഴ്ച വൈകീട്ട് ലഖ്നോ ജയിലിലേക്കയച്ചു.
ഓർഡർ ജയിലിൽ ലഭിക്കാൻ സമയം വൈകിയതാണ് പുറത്തിറങ്ങാൻ ഒരുദിവസം കൂടെ അധികമെടുത്തത്. മാധ്യമപ്രവർത്തകനടക്കം രണ്ടുപേരാണ് ഇ.ഡി കേസിൽ സിദ്ദീഖിന് ആൾജാമ്യം നിൽക്കുന്നത്. ഇവരുടെ രേഖകളുടെ പൊലീസ് പരിശോധന നടപടി തിങ്കളാഴ്ച പൂർത്തിയായിരുന്നു.
ജഡ്ജി അവധിയായതിനെ തുടർന്ന് തുടർനടപടികൾ ചൊവ്വാഴ്ച നടന്നില്ല. ഡിസംബർ 23 നാണ് ഇ.ഡി കേസിൽ അലഹാബാദ് ഹൈകോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്. യു.എ.പി.എ കേസിൽ സുപ്രീംകോടതി സെപ്റ്റംബർ ഒമ്പതിന് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നു.
ഈ കേസിൽ ആൾജാമ്യം നിന്ന ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ്രേഖ വർമ, യു.പി സ്വദേശി എന്നിവർ സമർപ്പിച്ച രേഖകളുടെ പരിശാധന നടപടികളും ജാമ്യ നടപടികളും നേരത്തെ പൂർത്തിയായി.
സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും മകനും ലഖ്നോവിൽ എത്തിയിട്ടുണ്ട്. സുപ്രീംകോടതി ജാമ്യവ്യവസ്ഥപ്രകാരം ജയിൽമോചിതനായി ആറ് ആഴ്ച ഡൽഹിയിൽ തങ്ങിയതിന് ശേഷം മാത്രമേ സിദ്ദീഖിന് കേരളത്തിലേക്ക് പോകാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.