സിദ്ദീഖ് കാപ്പൻ നാളെ ജയിൽമോചിതനാകും
text_fieldsലഖ്നോ: ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ വ്യാഴാഴ്ച ജയിൽമോചിതനാകും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. റിലീസിങ് ഓർഡർ വിചാരണകോടതിയിൽനിന്ന് ജയിലിലേക്ക് അയച്ചു. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓർഡർ എത്തുമ്പോൾ നാല് മണി കഴിഞ്ഞതിനാൽ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു. അറസ്റ്റിലായ ശേഷം രണ്ടുതവണ മാത്രമാണ് സിദ്ദീഖ് പ്രത്യേക ജാമ്യത്തിൽ ഇറങ്ങിയത്. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോൾ എയിംസിൽ ചികിത്സക്ക് വേണ്ടിയുമായിരുന്നു ഇത്.
ഡൽഹിക്കടുത്ത് മഥുര ടോൾ പ്ലാസയിൽ വെച്ച് 2020 ഒക്ടോബർ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സമാധാനാന്തരീക്ഷം തകർക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് കാപ്പനെതിരെ ചുമത്തിയിരുന്നു.
കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇ.ഡി കേസെടുത്തത്. പോപുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥറസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇ.ഡിയുടെ വാദം.
സെപ്റ്റംബർ ഒമ്പതിനാണ് യു.എ.പി.എ കേസിൽ സുപ്രീം കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. ഡിസംബർ 23ന് ഇ.ഡി കേസിൽ അലഹബാദ് ഹൈകോടതിയിൽനിന്നും ജാമ്യം ലഭിച്ചു. പ്രധാനപ്പെട്ട രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെയാണ് രണ്ട് വർഷത്തിന് ശേഷം ജയിൽ മോചനത്തിന് അവസരമൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.