സിദ്ദീഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി
text_fieldsലഖ്നോ: യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ഭീകര പ്രതിരോധ നിയമമായ യു.എ.പി.എ ചുമത്തി രണ്ടു വർഷം ജയിലിൽ അടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ 79കാരിയായ പ്രഫ. രൂപ് രേഖ വർമ, ലഖ്നോ സ്വദേശിയായ റിയാസുദ്ധീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ലക്ഷം രൂപ വീതം രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യം വേണമെന്നായിരുന്നു എൻ.ഐ.എ കോടതിയുടെ ജാമ്യ വ്യവസ്ഥ. യു.പി സ്വദേശികളെ ജാമ്യത്തിനായി ലഭിക്കാതായതോടെ കാപ്പന്‍റെ ജാമ്യം നീണ്ടുപോവുകയായിരുന്നു. ഇനി ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ കാപ്പന് പുറത്തിറങ്ങാം.
സ്വന്തം കാറിന്‍റെ ആര്‍.സി ബുക്കിന്‍റെ പകർപ്പാണ് പ്രഫ. രൂപ് രേഖ വർമ കോടതിയിൽ സമർപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ ആസ്തി തെളിയിക്കണമെന്ന ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇത്.
(പ്രഫ. രൂപ് രേഖ വർമ)
ജാമ്യവ്യവസ്ഥ തടസ്സമായെന്ന വാർത്തകൾ വന്നതോടെയാണ് സാമൂഹിക ഇടപെടലുകളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയ രൂപ് രേഖ വർമ മുന്നോട്ടുവന്നത്. ഈ ഇരുണ്ടകാലത്ത് ഒരാൾക്ക് ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്നാണ് ജാമ്യം നിൽക്കുന്നതിനെ കുറിച്ച് അവർ പറഞ്ഞത്.
രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടർന്ന് ലഖ്നോ സ്വദേശിയായ റിയാസുദ്ദീൻ എന്നയാൾ ജാമ്യം നിൽക്കാൻ തയാറായത്.
മൂന്നു ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നായിരുന്നു സെപ്റ്റംബർ ഒമ്പതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ ലഖ്നോ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ലക്ഷം രൂപ വീതം യു.പി സ്വദേശികളായ രണ്ട് ആൾജാമ്യം വേണമെന്ന വ്യവസ്ഥവെച്ചത്.
യു.പി സ്വദേശികൾക്കു പകരം സിദ്ദീഖിന്‍റെ ഭാര്യ റൈഹാനത്തും സിദ്ദീഖിന്‍റെ സഹോദരനും ആൾജാമ്യം നിൽക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. യു.പി സ്വദേശികൾ വേണമെന്ന വ്യവസ്ഥ മോചനം വൈകിപ്പിക്കുന്നതിനിടെയാണ് രൂപ രേഖ വർമയും റിയാസുദ്ദീനും സന്നദ്ധതയറിയിച്ച് അഭിഭാഷകനെ ബന്ധപ്പെട്ടത്.
അതേസമയം, ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ ലക്നൗ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ജാമ്യപേക്ഷയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തു.
45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിൽ അലഹാബാദ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇയാൾക്കെതിരെ ഇ.ഡി കേസ് നിലനിൽക്കുന്നതിനാൽ ഇതുവരെ ജയിൽ മോചിതനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.