'അമരീന്ദറിന്‍റെ പാർട്ടി പഞ്ചാബികൾക്ക് വേണ്ടിയല്ല'; ക്യാപ്റ്റനെ ആക്രമിച്ച് പഞ്ചാബ് മന്ത്രിമാർ
text_fieldsഅമൃത്സർ: കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ വിമർശനവുമായി മന്ത്രിമാരായ പരഗത് സിങ്ങും അമരീന്ദർ സിങ് വാറിങ്ങും.
'പഞ്ചാബ് ലോക് കോൺഗ്രസ്' എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയ ക്യാപ്റ്റൻ രാജിക്കത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ റാവത്ത് എന്നിവരെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കെതിരെ പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവിന്‍റെ അടുപ്പക്കാരായ മന്ത്രിമാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
'എന്തൊരു വിരോധാഭാസം അമരീന്ദർ സിങ്ങിന്‍റെ പുതിയ പാർട്ടി പഞ്ചാബികൾക്കല്ല. തീർച്ചയായും 'കോൺഗ്രസ്' അല്ല, ജനങ്ങൾക്ക് വേണ്ടിയുമല്ല' -പരഗത് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി, സിദ്ദു, കോൺഗ്രസ് പാർട്ടി എന്നിവരെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
പാകിസ്താൻ പ്രധാനമന്ത്രിയെയും സൈനിക തലവനെയും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു ആലിംഖനം ചെയ്യുന്നതാണ് കോൺഗ്രസ് വിടാനുള്ള കാരണമായി രാജിക്കത്തിൽ പറഞ്ഞ അമരീന്ദറിന് വാറിങ് ട്വിറ്ററിലൂടെ മറുപടി നൽകുന്നുണ്ട്.
കർഷക വിരുദ്ധരായ ബി.ജെ.പിയുമായി സീറ്റ് പങ്കിടാൻ നീക്കം നടത്തുന്ന അമരീന്ദറിന് മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്.
സോണിയക്കയച്ച രാജിക്കത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദർ രൂക്ഷമായി വിമർശിക്കുന്നുണ്ട്. രാഹുലും പ്രിയങ്കയും 'അസ്ഥിരനായ വ്യക്തി'യും പാകിസ്താൻ ഭരണകൂടത്തിന്‍റെ സഹായിയുമായ നവജോത് സിങ് സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തി.
സെപ്റ്റംബറിലാണ് പി.സി.സി അധ്യക്ഷനായ സിദ്ദുവുമായി മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ക്യാപ്റ്റനെ നീക്കണമെന്ന് ഭൂരിഭാഗം എം.എൽ.എമാരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദർ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദർ ബി.ജെ.പിയിലേക്ക് പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങൾ പരന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൈകോർക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.