പതിറ്റാണ്ടുനീണ്ട ഇടവേളക്കു സുല്ല് പറഞ്ഞ് സിദ്ദു വീണ്ടും; കളി മുഖ്യമന്ത്രി അമരീന്ദറുടെ തട്ടകത്തിൽ
text_fields
പട്യാല: സജീവ രാഷ്ട്രീയവും ക്രിക്കറ്റും വിട്ട് ഒരു പതിറ്റാണ്ടിലേറെ വനവാസത്തിൽ കഴിഞ്ഞ നവ്ജോത് സിങ് സിദ്ദുവിന്‍റെ രണ്ടാം വരവിൽ ഞെട്ടി പഞ്ചാബ്. ഇതുവരെയും എവിടെയുമില്ലാതിരുന്ന മുൻ ക്രിക്കറ്ററും രാഷ്ട്രീയ നേതാവുമായ സിദ്ദു സ്വന്തം പത്നി നവ്ജോത് കൗർ സിദ്ദുവിനെ കൂടെകൂട്ടിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. നിരന്തരം വാർത്ത സമ്മേളനങ്ങൾ വിളിച്ചും മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ ചെന്ന് ഓഫീസ് തുറന്നും വരവറിയിച്ച സിദ്ദു സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവും നടത്തുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കളാരും ഇതുവരെയും പരസ്യ പിന്തുണയുമായി എത്തിയിട്ടില്ലെങ്കിലും പലരും പിന്നാമ്പുറത്ത് ചർച്ച സജീവമാക്കിയതായാണ് അണിയറ സംസാരം.
തനിക്ക് രാഷ്ട്രീയ നേട്ടം വേണ്ടെന്ന് സിദ്ദു ആവർത്തിക്കുന്നുണ്ടെങ്കിലും പത്നി നവ്ജോത് കൗറിന്‍റെ ഇടപെടലുകൾ സംശയം ഇരട്ടിയാക്കുന്ന. സിദ്ദുവിന്‍റെ തറവാടുവീടായ യാദവീന്ദ്ര കോളനി കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കിയ കൗർ നേതാക്കളിൽ പലരുമായും ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. പട്യാല, സനോർ വിധാൻ സഭകളിൽ നോട്ടമെറിയുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
സേനാറിൽ കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ കോൺഗ്രസ് പ്രതിനിധി ഹരീന്ദർപാൽ സിങ്ങിനെതിരെ ഇറങ്ങാമെന്നാണ് കൗറിന്‍റെ കണക്കുകൂട്ടൽ. മുനിസിപ്പൽ കോർപറേഷനിലുൾപെടെ നടക്കുന്ന അഴിമതികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ ഇവർക്ക് പിന്തുണ നൽകിയേക്കുമെന്നും സൂചനയുണ്ട്.
നിലവിൽ ജാട്ട് മഹാസഭയുടെ വനിതാവിങ് സംസ്ഥാന പ്രസിഡന്‍റാണ് നവ്ജോത് കൗർ. ഇത് ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലക്ഷ്യങ്ങൾ സഫലമാക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.