ഭഗവന്ത് മാനിനെ റബർ പാവയെന്ന് കളിയാക്കി സിദ്ദു, തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ സത്യസന്ധതക്ക് പ്രശംസയും
text_fieldsചണ്ഡീഗഡ്: റബർ പാവയെന്ന് വിളിച്ച് കളിയാക്കിയതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഇളയ സഹോദരനെന്നും സത്യസന്ധനെന്നും പ്രശംസിച്ച് പി.സി.സി മുൻ അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു.
"ഭഗവന്ത് മാൻ വളരെ സത്യസന്ധനായ മനുഷ്യനാണ്. താൻ ഒരിക്കലും അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടിയിട്ടില്ല. മാഫിയക്കെതിരെ പോരാടുകയാണെങ്കിൽ തന്‍റെ പിന്തുണ അദ്ദേഹത്തിനോടൊപ്പമായിരിക്കും. കാരണം അത് പഞ്ചാബിന്‍റെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാണ്"- സിദ്ദു വ്യക്തമാക്കി.
സംസ്ഥാനത്ത് നിലനിന്ന മാഫിയ രാജ് കാരണമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും പാർട്ടി പൂർവാധികം ശക്തിയോടെ സംസ്ഥാനത്ത് മടങ്ങിവരണമെങ്കിൽ കോൺഗ്രസിനെ പുനർനിർമിക്കേണ്ടതുണ്ടെന്നും സിദ്ദു അവകാശപ്പെട്ടു.
താൻ എന്നും മാഫിയക്കെതിരെ പോരാടിയിട്ടുള്ള ആണെന്ന് സിദ്ദു കൂട്ടിച്ചേർത്തു. മണൽ ഖനനം, ഗതാഗതം, കേബിൾ ടി.വി എന്നീ മേഖലകളിൽ നിലനിന്ന മാഫിയക്കെതിരെ കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോൾ തന്നെ സിദ്ദു വിമർശനമുന്നയിച്ചിരുന്നു.
"തന്‍റെ പോരാട്ടം ഒരിക്കലും ഒരു വ്യക്തിക്കെതിരെ ആയിരുന്നില്ല. ചിതലിനെ പോലെ സംസ്ഥാനത്തെ ഭക്ഷിച്ചു കൊണ്ടിരിക്കുന്ന ചിലർക്കെതിരെയാണ് തന്‍റെ പോരാട്ടം. പഞ്ചാബിന്റെ അസ്തിത്വത്തിന് വേണ്ടിയാണ് പോരാട്ടം. അല്ലാതെ ഒരു സ്ഥാനത്തിനും വേണ്ടിയല്ല"- അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയിൽ നിന്ന് കോൺഗ്രസിലെത്തിയ കുമാർ വിശ്വാസിനും അൽക ലാംബക്കുമെതിരെയുണ്ടായ പൊലീസ് നടപടിയിൽ പഞ്ചാബ് സർക്കാറിനെ വിമർശിക്കുകയും കെജ്‌രിവാളിന്റെ കളിപ്പാവയെ പോലെയാണ് മാൻ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയെ പ്രശംസിച്ച് സിദ്ദു രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.