സിദ്ദു മൂസെ വാലയുടെ കൊലപാതകം: ആറുപേർ അറസ്റ്റിൽ; ആപ് സർക്കാറിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്
text_fieldsചണ്ഡീഗഡ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് മൂസെ വാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഗായകന്‍റെ കൊലപാതകത്തിൽ എ.എ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. പഞ്ചാബ് സർക്കാറിന് ഭരിക്കാനുള്ള ധാർമിക അധികാരം നഷ്ടപ്പെട്ടുവെന്നും സർക്കാർ പിരിച്ചുവിടണം എന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടേയും ഡി.ജി.പിയുടേയും കൈകളിൽ രക്തം പുരണ്ടിരിക്കുന്നു എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാൽ, അന്വേഷണം നടക്കുകയാണെന്ന് അറയിച്ച മുഖ്യമന്ത്രി ഭഗവത് മൻ, ജനം ശാന്തത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
മൂസെ വാല ഉൾപ്പടെ 424 വി.ഐ.പികൾക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് 29കാരനായ മൂസേവാലയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്വന്തം കാറിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് അക്രമണമുണ്ടായത്.
നിരവധി പഞ്ചാബി ഹിറ്റുഗാനങ്ങളിലൂടെ ശ്രദ്ധേയനായ മൂസെ വാല കഴിഞ്ഞ വർഷമാണ് കോൺഗ്രസിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എ.എ.പിയുടെ വിജയ് സിംഗലയോട് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.