സിദ്ധു മൂസെവാല വധക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
text_fieldsപഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ടിനു എന്ന ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ ഉദ്യോഗസ്ഥൻ ഇയാളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദീപക് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
സിദ്ധു മൂസെവാല വധത്തിന്‍റെ സൂത്രധാരനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ദീപക്. കുറ്റപത്രത്തില്‍ പേരുള്ള 15 പേരില്‍ ഒരാളാണ് ദീപക്. മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ ഗായകനും നേതാവുമായ സിദ്ധു മൂസെവാലയെ വെടിവെച്ചുകൊന്നത്. സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇദ്ദേഹത്തിനൊപ്പം ജീപ്പിൽ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
മൂസെവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. അതേസമയം മൂസെവാലയുടെ കൊലപാതകം തന്‍റെ സംഘമാണ് ആസൂത്രണം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതില്‍ നേരിട്ട് പങ്കില്ലെന്നുമായിരുന്നു ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി മൊഴി നല്‍കിയത്. മൂസെവാലയുടെ കൊലയാളികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ കേസിലെ പ്രതി കപിൽ പണ്ഡിറ്റാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ തോക്ക് കൈവശം വെക്കുന്നതിന് സൽമാൻ ഖാന് മുംബൈ പൊലീസ് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.